ടെലികോം മേഖലയിലെ 5G സേവനം: ഓൺലൈൻ തട്ടിപ്പുകാർക്കെതിരെ ജാഗ്രത പാലിക്കണം; ജില്ലാ പോലീസ് മേധാവി.


കോട്ടയം: ടെലികോം മേഖലയിൽ 5G സേവനം ആരംഭിച്ചിരിക്കുന്ന സാഹചര്യത്തിൽ ഓൺലൈൻ തട്ടിപ്പുകാർക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ജില്ലാ പോലീസ് മേധാവി കെ കാർത്തിക്ക് പറഞ്ഞു. 5G സേവനം ആരംഭിച്ചിരിക്കുന്ന സാഹചര്യത്തിൽ സ്മാർട്ട് ഫോണുകളും സിം കാര്‍ഡുകളും 5G ആയി കൊണ്ടിരിക്കുകയാണ്. അതുകൊണ്ടുതന്നെ 5G വേണമെന്ന് ആഗ്രഹിക്കുന്നവരുടെ എണ്ണം ദിനംപ്രതി കൂടി വരികയാണ്. ഈ സാഹചര്യം മുതലെടുത്തുകൊണ്ടാണ് 4G യില്‍ നിന്നും 5G യിലേക്ക്  മാറുന്നതിന് വേണ്ട സഹായങ്ങൾ ലഭ്യമാണ് എന്ന് തരത്തിൽ സന്ദേശങ്ങളുമായി തട്ടിപ്പുകാർ രംഗത്ത് വരുന്നത് എന്ന് ജില്ലാ പോലീസ് മേധാവി പറഞ്ഞു. 4G നെറ്റ്‌വർക്കിൽ നിന്നും 5G  നെറ്റ്‌വർക്കിലേക്ക് അപ്ഗ്രേഡ് ചെയ്യാൻ ആവശ്യപ്പെട്ടുകൊണ്ട് നമ്മുടെ ഫോണുകളിലേക്ക് മെസ്സേജ് അയക്കുന്നിടത്താണ് തട്ടിപ്പിന്റെ തുടക്കം. ഈ മെസ്സേജുകൾക്കൊപ്പം ഒരു ലിങ്കും ഉണ്ടാവും. നെറ്റ് വർക്ക് സർവീസ് പ്രൊവൈഡർമാരിൽ നിന്നും ഔദ്യോഗികമായി ലഭിക്കുന്ന സന്ദേശങ്ങൾ ആണ് ഇത് എന്ന് കരുതി നാമെല്ലാവരും ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുകയും ചെയ്യും.  ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുന്നതോടെ തട്ടിപ്പുകാര്‍ നമ്മുടെ ഫോൺ ഹാക്ക് ചെയ്ത്  സ്വകാര്യ വിവരങ്ങളും, ബാങ്ക് വിവരങ്ങളും സ്വന്തമാക്കുന്നു. അടുത്തിടയായി കേരളത്തില്‍ ഇത്തരം പരാതികള്‍ വര്‍ദ്ധിച്ചുവരുന്നതായി കണ്ടുവരുന്നതായും  പരിചയമില്ലാത്ത ആളുകളിൽ നിന്നോ നമ്പറുകളിൽ നിന്നോ വരുന്ന സന്ദേശങ്ങളിലോ ലിങ്കിലോ യാതൊരു കാരണവശാലും ക്ലിക്ക് ചെയ്യരുത് എന്നും ജില്ലാ പോലീസ് മേധാവി കെ കാർത്തിക്ക് പറഞ്ഞു.