കോട്ടയം: കേരളത്തിൽ ആദ്യമായി 500 താക്കോൽദ്വാര ഹൃദയ ശസ്‌ത്രക്രിയകൾ പൂർത്തിയാക്കിയ ഏക ഹോസ്പിറ്റലായി കോട്ടയം കാരിത്താസ് ഹോസ്പിറ്റൽ ആൻഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് സയൻസസ്.
ചരിത്ര ദൗത്യത്തിന് നേതൃത്വം നൽകിയ കാർഡിയോളജി വിഭാഗം ചീഫ് കാർഡിയാക് സർജൻ ഡോ. രാജേഷ് രാമൻകുട്ടി, അദ്ദേഹത്തിന്റെ ടീം അംഗങ്ങളായ കൺസൾട്ടന്റ് കാർഡിയാക് അനസ്തേഷ്യോളജിസ്റ്റ് ഡോ. നിഷാ ജോസഫ് പട്ടാണി, സീനിയർ ഫിസീഷ്യൻ അസിസ്റ്റന്റ്, പെർഫ്യൂഷനിസ്റ്റ് ടീമംഗങ്ങൾ, സിവിടിഎസ് വാർഡ് നഴ്സുമാർ, സിവിടിഎസ് ഐസിയു നഴ്സുമാർ, സിവിടിഎസ് ഒട്ടി ടീം എന്നിവർക്കുള്ള അനുമോദന ചടങ്ങ് ആശുപത്രിയിൽ സംഘടിപ്പിച്ചു.
കോട്ടയം അതിരൂപത വികാരി ജനറാൾ ഫാ. മൈക്കിൾ വെട്ടിക്കാട്ട് മുഖ്യാഥിതിയായിരുന്നു. ചടങ്ങിൽ കാരിത്താസ് ആശുപത്രി ഡയറക്ടർ ഫാ. ഡോ. ബിനു കുന്നത്ത്, കാരിത്താസ് മെഡിക്കൽ ഡയറക്ടർ ഡോ. ബോബി എൻ എബ്രഹാം തുടങ്ങിയവർ സംസാരിച്ചു. കാർഡിയോളജി വിഭാഗത്തിലെ ജീവനക്കാരുടെ കുടുംബാഗങ്ങളും ചടങ്ങിൽ സന്നിഹിതരായിരുന്നു.
കാരിത്താസ് ഡയമണ്ട് ജൂബിലി ഹാളിൽ വെച്ച് നടന്ന ചടങ്ങ് വിവിധ പരിപാടികളാലും ആളുകളുടെ സാന്നിധ്യം കൊണ്ടും വർണ്ണാഭമായിരുന്നു. പ്രശസ്‌ത ഗായകൻ കിഷോർ വർമ്മയുടെ നേതൃത്വത്തിൽ നടന്ന മ്യൂസിക്കൽ നൈറ്റ് പരിപാടിക്ക് മിഴിവേകി.
