കോട്ടയം: സംസ്ഥാനത്ത് പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹർത്താൽ ആരംഭിച്ചു. രാവിലെ 6 മണി മുതൽ വൈകിട്ട് 6 മണി വരെയാണ് ഹർത്താൽ. കോട്ടയത്ത് കെ എസ് ആർ ടി സി സർവ്വീസ് നടത്തുന്നുണ്ട്. ഹർത്താലിൽ സംസ്ഥാനത്ത് കർശന സുരക്ഷയാണ് പോലീസ് ഒരുക്കിയിരിക്കുന്നത്.
ഈരാറ്റുപേട്ടയിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ പ്രകടനം നടത്തുകയും റോഡ് ഉപരോധിക്കുകയും ചെയ്തു. സംഘർഷ സാധ്യത കണക്കിലെടുത്ത് വൻ പോലീസ് സന്നാഹമാണ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നത്. ഈരാറ്റുപേട്ടയിലും കെ കെ റോഡ് വഴിയും കെ എസ് ആർ ടി സി സർവ്വീസ് നടത്തുന്നുണ്ട്. ചങ്ങനാശ്ശേരിയിൽ കെ എസ് ആർ ടി സി ബസ്സ് സർവ്വീസ് നടത്തുന്നതിനിടെ ബസ്സ് സ്റ്റാൻഡിനു മുന്നിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ ഉപരോധം ഏർപ്പെടുത്തി. ജില്ലയിൽ അങ്ങിങ്ങായി ചില വ്യാപാര സ്ഥാപനങ്ങൾ തുറന്നിട്ടുണ്ടെങ്കിലും ഭൂരിഭാഗവും അടഞ്ഞു കിടക്കുകയാണ്. സ്വകാര്യ വാഹനങ്ങളും ചരക്ക് വാഹനങ്ങളും നിരത്തിലോടുന്നുണ്ട്. എന്നാൽ സ്വകാര്യ ബസ്സുകൾ നിലവിൽ സർവ്വീസ് നടത്തുന്നില്ല.
