ഈരാറ്റുപേട്ട: പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹർത്താലിൽ ഈരാറ്റുപേട്ടയിൽ സംഘർഷം. സമരാനുകൂലികൾ വാഹനം തടഞ്ഞ് യാത്രക്കാരനെ മർദിച്ചോടെയാണ് പൊലീസ് ലാത്തിവീശിയത്.
ഈരാറ്റുപേട്ടയിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ രാവിലെ മുതൽ പ്രകടനവും റോഡ് ഉപരോധവും നടത്തിയിരുന്നു. രാവിലെ 9 മണിയോടെയാണ് സംഘർഷം ഉണ്ടായത്. റോഡ് ഉപരോധത്തിനിടെ ഇതുവഴിയെത്തിയ ഇരുചക്ര വാഹന യാത്രികനെ സമരക്കാർ വഴിതടയുകയും മര്ദിക്കുകയുമായിരുന്നു. ഇതോടെ പോലീസ് ലാത്തി വീശുകയായിരുന്നു. സ്ഥലത്ത് അക്രമം നടത്തിയയാളെ പോലീസ് അറസ്റ്റ് ചെയ്തതോടെ വീണ്ടും പ്രവർത്തകർ സംഘടിച്ചു പ്രതിഷേധിക്കുകയായിരുന്നു.
അറസ്റ്റ് ചെയ്ത പ്രവർത്തകനുമായി പോലീസ് വാഹനം കടന്നു പോകാൻ മറ്റു പ്രവർത്തകർ തടയുകയായിരുന്നു. പ്രവർത്തകർ റോഡിൽ കിടന്നു പ്രതിഷേധിച്ചു. തുടർന്ന് പോലീസ് വീണ്ടും ലാത്തി വീശുകയായിരുന്നു. നൂറു കണക്കിന് പ്രവർത്തകരാണ് സ്ഥലത്തേക്കെത്തിയത്. പ്രവർത്തകരെ പോലീസ് അറസ്റ് ചെയ്തു നീക്കി.
