പ്രായം തളർത്താത്ത മനോവീര്യത്തിൽ മണ്ണിൽ പൊന്നു വിളയിക്കുന്ന മണിമലയിലെ മുതിർന്ന കർഷകന് കർഷകദിനത്തിൽ നാടിന്റെ ആദരം.


മണിമല: പ്രായം തളർത്താത്ത മനോവീര്യത്തിൽ മണ്ണിൽ പൊന്നു വിളയിക്കുന്ന മണിമലയിലെ മുതിർന്ന കർഷകന് കർഷകദിനത്തിൽ നാടിന്റെ ആദരം. മണിമല സ്വദേശി ചിറ്റേടത്ത് സി എ ആൻഡ്രൂസ്(അപ്പച്ചൻ) നാണു കർഷകദിനത്തിൽ അവാർഡ് ലഭിച്ചത്. മണിമല ഗ്രാമപഞ്ചായത്തും മണിമല കൃഷിഭവനും കാർഷിക വികസന സമിതിയുടെയും സംയുക്താഭിമുഖ്യത്തിൽ ചിങ്ങം ഒന്ന് കർഷക ദിനത്തിൽ സംഘടിപ്പിച്ച പരിപാടിയിലാണ് ആൻഡ്രൂസിന് അവാർഡ് സമ്മാനിച്ചത്.

വയസ്സ് 72 ആയെങ്കിലും ചുറുചുറുക്കോടെ പ്രായം തളർത്താത്ത വീര്യത്തോടെ ഇപ്പോഴും വിവിധ കാർഷിക വിഭവങ്ങൾ ഇദ്ദേഹം കൃഷി ചെയ്യുന്നുണ്ട്. മണിമല ഗ്രാമ പഞ്ചായത്ത് അങ്കണത്തിൽ നടന്ന ചടങ്ങിൽ സർക്കാർ ചീഫ് വിപ്പ് ഡോ.എൻ ജയരാജ് അവാർഡ് കൈമാറി. 50 വർഷത്തിലധികമായി മണ്ണിൽ പൊന്നു വിളയിക്കുന്ന ഈ കർഷകൻ വേനൽക്കാല പയർ കൃഷിയിൽ നൂറു മേനി വിളവ് കൊയ്യാറുണ്ട്. കപ്പയും വാഴയും ചേനയും ചേമ്പുമുൾപ്പടെ വീടിനോടു ചേർന്നുള്ള പുരയിടം കാർഷിക വിളകളാൽ സമൃദ്ധമാണ്. 



രാസ വളങ്ങൾ ഉപയോഗിക്കാതെ പൂർണ്ണമായും ജൈവരീതിയിൽ ആണ് എല്ലാ കാർഷിക വിളകളും നട്ട് പരിപാലിച്ചു വിളവെടുക്കുന്നത്. ഇഞ്ചി,മഞ്ഞൾ, മത്തൻ,കുമ്പളം, കാച്ചിൽ എന്നിവയും കൃഷിയിടത്തിലുണ്ട്. ഒപ്പം പശു വളർത്തലും മുയൽ വളർത്തലുമുണ്ട്. പ്രായത്തിന്റെ ക്ഷീണം അലട്ടുന്നുണ്ടെങ്കിലും ഇപ്പോഴും രാവിലെ മുതൽ വൈകിട്ട് വരെ കൃഷിയിടത്തിൽ വിവിധ ജോലികളിൽ വ്യാപൃതനാണ് ഇദ്ദേഹം. ചടങ്ങിൽ മണിമല ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജെയിംസ് പി സൈമൺ, മണിമല കൃഷി ഓഫീസർ സിമി ഇബ്രാഹിം, വാഴൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുകേഷ് കെ മണി, മണിമല ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ, കൃഷിഭവൻ അംഗങ്ങൾ, ഉദ്യോഗസ്ഥർ തുടങ്ങി നിരവധിപ്പേർ സംബന്ധിച്ചു. ഇതോടൊപ്പം മണിമല കൃഷിഭവന്റെ നേതൃത്വത്തിൽ കറിക്കാട്ടൂർ നിന്നും പഞ്ചായത്ത് ഓഫീസിലേക്ക് കൃഷിദർശൻ വിളംബര ജാഥയും നടത്തി. മണിമലയിലെ മുതിർന്ന കർഷകനുള്ള അവാർഡ് കരസ്ഥമാക്കി പ്രായം വെറും അക്കങ്ങൾ മാത്രമാണെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ് മണിമലയിലെ ഈ കർഷകൻ.

മുൻപും പ്രായം തളർത്താത്ത ഇദ്ദേഹത്തിന്റെ കൃഷി വിജയഗാഥകൾ കോട്ടയം ലൈവ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ജൈവ കൃഷിരീതികൾ മാത്രം പ്രോത്സാഹിപ്പിക്കുന്ന ഇദ്ദേഹം കഴിഞ്ഞ വേനൽക്കാല വള്ളിപ്പയർ കൃഷിയിൽ മികച്ച നേട്ടം കൈവരിച്ച കർഷകനാണ്. പുരയിടത്തോട് ചേർന്നുള്ള തന്റെ കൃഷിയിടത്തെ പൊന്നു വിളയിക്കുന്ന മണ്ണായി മാറ്റിയിരിക്കുകയാണ് ഇദ്ദേഹം. നടുന്നതും പരിപാലിക്കുന്നതും തന്റെ മക്കളെന്ന പോലെ സ്നേഹം നൽകിയാണ്. ഈ സ്നേഹം നൂറു മേനി വിളവാണ് തിരികെ നൽകി മണ്ണും ഇദ്ദേഹത്തോടുള്ള ആത്മബന്ധം നിലനിർത്തുന്നു. 



രാസവളങ്ങൾ ഇദ്ദേഹത്തിന്റെ കൃഷിയിടങ്ങളിൽ പ്രയോഗിക്കാറില്ല. പശു വളർത്തൽ ഉള്ളതിനാൽ ചാണകം യഥേഷ്ടം ലഭ്യമാണ്. ചാണകമാണ് പ്രധാന വളം. ഇലച്ചവറുകൾ വെട്ടിയിട്ടും ജൈവ ലായനിക്കൂട്ടിൽ കീടങ്ങളെ അകറ്റിയുമാണ് ഇദ്ദേഹം കൃഷിയെ പരിപാലിക്കുന്നത്.

കപ്പയ്‌ക്കൊപ്പം,പാവൽ,ചേമ്പ്, ചേന,കാച്ചിൽ, വഴുതന,കോവൽ തുടങ്ങി നിരവധി കൃഷി ഇദ്ദേഹത്തിനുണ്ട്. തന്റെ വീട്ടിലേക്കാവശ്യമായ പച്ചക്കറികൾ പുരയിടത്തിലെ കൃഷിയിടത്തിൽ നിന്നും തന്നെ ലഭിക്കാറുണ്ടെന്നു അദ്ദേഹം പറഞ്ഞു. ചെറുപ്പം മുതലേ കൃഷി തന്റെ താത്പര്യ മേഖലയായിരുന്നു, മുൻപ് കൂടുതൽ സ്ഥലങ്ങൾ പാട്ടത്തിനെടുത്ത് കൃഷി ചെയ്തിരുന്നു. ഇപ്പോൾ പുരയിടത്തോട് ചേർന്നുള്ള സ്ഥലത്ത് മാത്രമാണ് കൃഷികൾ. മണ്ണിനെ സ്നേഹിക്കുന്നവർക്ക് പൊന്നു വിളയുന്ന മണ്ണ് നൂറു മേനി വിളവ് നൽകും, പ്രായം കടലാസുകളിലെയും രേഖകളിലെയും വെറും അക്കങ്ങൾ മാത്രമാണെന്നും ഇദ്ദേഹം പറയുന്നു. 50 വർഷത്തിലധികമായി കൃഷി ചെയ്യുന്ന ഇദ്ദേഹത്തിന് ആദ്യമായി ലഭിക്കുന്ന ഈ അവാർഡിൽ അദ്ദേഹത്തിനൊപ്പം കുടുംബാംഗങ്ങളും ഇന്ന് സന്തോഷത്തിലാണ്.