ഓണ്‍ലൈന്‍ ഷോപ്പിംഗ്‌ വെബ്സൈറ്റ് മീഷോയുടെ പേരിൽ തട്ടിപ്പ്: അവിചാരിത ഓഫറുകളിൽ കണ്ണും പൂട്ടി വിശ്വസിച്ച് വ്യക്തി വിവരങ്ങളും അക്കൗണ്ട് വിവരങ്ങളും ആർക്കും


കോട്ടയം: ഓണ്‍ലൈന്‍ ഷോപ്പിംഗ്‌ വെബ്സൈറ്റ് മീഷോയുടെ പേരിൽ തട്ടിപ്പ് നടക്കുന്നതായി പരാതി ലഭിച്ചതായി ജില്ലാ പോലീസ് മേധാവി ഡി ശില്പ പറഞ്ഞു. മീഷോ വ്യാപാര വെബ്സൈറ്റിൽ നിന്നും ഉൽപ്പന്നങ്ങൾ വാങ്ങുന്ന  ഉപഭോക്താക്കളുടെ മേൽവിലാസത്തിൽ മീഷോയുടെ ഉപഭോക്താക്കൾ എന്ന നിലയ്ക്ക് ലക്ഷങ്ങളുടെ ക്യാഷ് പ്രൈസ് സമ്മാനങ്ങൾ വിതരണം ചെയ്യുന്നു എന്ന രീതിയില്‍ കത്തും ഒരു  ഒരു സ്ക്രാച്ച് കാർഡും നൽകുന്നതാണ് ആദ്യഘട്ടം.

ഇതിനായി അക്കൌണ്ട് വിവരങ്ങൾ അയച്ചു നൽകാൻ ഉപഭോക്താവിനോട് ആവശ്യപ്പെടുകയും ചെയ്യുന്നു. സമ്മാനങ്ങൾ ലഭിക്കുമെന്ന ആകാംക്ഷയിൽ ഉപഭോക്താക്കളുടെ അക്കൌണ്ട് വിവരങ്ങൾ അയച്ചു നൽകികഴിഞ്ഞാൽ പണം അക്കൗണ്ടിൽ ലഭിക്കുന്നതിന് ലോട്ടറി ആക്ട് അനുസരിച്ചുള്ള നികുതി അടക്കുന്നതിനായി ആവശ്യപ്പെടും. നികുതി തുക അടച്ചു കഴിഞ്ഞാൽ പ്രോസസിങ്ങ് ഫീസ് തുടങ്ങിയ മറ്റ് ഫീസുകളുടെ പേരുപറഞ്ഞ് പിന്നേയും ഉപഭോക്താവിൽ നിന്നും പണം ഈടാക്കും. വളരെ വലിയ തുക ലഭിക്കുമെന്ന വിശ്വാസത്തിൽ ഉപഭോക്താവ് പല ഘട്ടങ്ങളിലായി ചെറിയ തുകകളായി പണം കൈമാറുകയും അത് നഷ്ടപ്പെടുകയും ചെയ്യുന്നു. ഇതോടൊപ്പം ഉപഭോക്താവിന്റെ ബാങ്ക് അക്കൌണ്ടു വിവരങ്ങളും നഷ്ടപ്പെടുന്നതിനാൽ പിൻ നമ്പറും ഓടിപിയും കരസ്ഥമാക്കി തട്ടിപ്പു നടക്കുന്നതിനും സാധ്യതയുണ്ട് എന്ന് ജില്ലാ പോലീസ് മേധാവി പറഞ്ഞു. വിശ്വാസം ലഭിക്കാൻ ബാങ്ക് ലോഗോയും ട്രേഡ് മാർക്കുകളും ഉപഭോക്താക്കൾക്ക് വിശ്വാസം വരുത്തുവാൻ മുൻനിര ബാങ്കുകളുടെ വ്യാജ സീലും ഒപ്പും മറ്റും തട്ടിപ്പുകാർ ഉപയോഗിക്കാറുണ്ട്. ഇതുകൂടാതെ മുൻനിര ഇ-കോമേഴ്സ് സ്ഥാപനങ്ങളായ ഫ്ലിപ്കാർട്ട്, ആമസോൺ പേ തുടങ്ങിയവയുടെ പേരിലും ഇത്തരത്തിലുള്ള തട്ടിപ്പുകൾക്ക് സാധ്യത ഉള്ളതിനാൽ വീട്ടുവിലാസത്തിൽ അയച്ചു ലഭിക്കുന്ന അവിചാരിത ഓഫറുകളിൽ കണ്ണും പൂട്ടി വിശ്വസിച്ച് വ്യക്തി വിവരങ്ങളും അക്കൗണ്ട് വിവരങ്ങളും ആർക്കും കൈമാറരുതെന്ന് ജില്ലാ പോലീസ് മേധാവി ഡി ശില്പ പറഞ്ഞു.