കോട്ടയം: ഒരു പുസ്തകം തരുമോ? കൂട്ടിക്കലിനെ നിങ്ങൾക്ക് ഓർമ്മയുണ്ടോ? എല്ലാം പെട്ടെന്ന് മറക്കുന്ന നമ്മൾ കൂട്ടിക്കലിനെയും മറന്ന് തുടങ്ങിയിട്ടുണ്ടാവും... പ്രകൃതി ദുരന്ത ഭാവത്തിൽ പേമാരിയായും ഉരുൾപൊട്ടലായും കൂട്ടിക്കലിലെ ജനങ്ങളുടെ മേലേ പെയ്ത് ഇറങ്ങിയ ആ ദിനം, യഥാർത്ഥത്തിൽ അന്ന് ഒലിച്ചുപോയത് കൂട്ടിക്കലിലെ സാധാരണക്കാരൻ്റെ ജീവിതമാണ്. അത് തിരിച്ചറിഞ്ഞു നൂറിലധികം ദിനങ്ങൾ അവരോടൊപ്പം തോളോട് തോൾ ചേർന്ന് പ്രവർത്തിച്ച കാരിത്താസ് ആശുപത്രിയുടെ മനസ്സിൽ നിറഞ്ഞു നിൽക്കുകയാണ് ആ ദിനങ്ങൾ.

ദുരന്ത ഭൂമിയിൽ എത്തിയ കാരിത്താസ് ആശുപത്രിക്ക് പ്രവർത്തിക്കുവാനായി കൂട്ടിക്കലിലെ അധികാരികൾ വിട്ടു നൽകിയത് ഇളംക്കാട് ജനതാ ഗ്രന്ഥശാല കെട്ടിടമായിരുന്നു. പേമാരിയിലും ഉരുൾപൊട്ടലിലും ഉലഞ്ഞു പോയ ആ ഗ്രാമീണ ഗ്രന്ഥശാലക്കുള്ളിലായിരുന്നു മൂവായിരത്തിലധികം പേർക്ക് കാരുണ്യത്തിൻ്റെ കൈത്താങ്ങുമായി കാരിത്താസ് ആശുപത്രി നൂറിലധികം ദിനങ്ങൾ പ്രവർത്തിച്ചത്. ദുരന്ത ഭൂമിയിൽ നിന്ന് മടങ്ങുമ്പോൾ ഈ ഗ്രന്ഥശാല പുനരുദ്ധരിച്ചു, നിറയെ പുസ്തകങ്ങൾ ഉള്ള ഒരു ഗ്രന്ഥശാലയാക്കി മാറ്റി കൂട്ടിക്കലിലെ ഭാവി തലമുറയ്ക്ക് കൈമാറണമെന്ന് കാരിത്താസ് ആശുപത്രി മാനേജ്‍മെൻറ് തീരുമാനിച്ചിരുന്നതായി ഡയറക്ടർ ഫാ. ഡോ. ബിനു കുന്നത്ത് പറഞ്ഞു. ഇപ്പോൾ അതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചിരിക്കുകയാണ്. ഒരു പുസ്തകം നൽകികൊണ്ട് കൂട്ടിക്കലിനെ ഓർമ്മിച്ചു കൊണ്ട് ഈ സംരംഭത്തിൽ നമ്മൾ ഓരോരുത്തർക്കും പങ്കാളികളാകാം. പ്രകൃതി ദുരന്തം നൽകിയ പീഡാനുഭവങ്ങളിൽ നിന്ന് പ്രത്യാശയുടെ കരുത്തിൻ്റെ ലോകത്തേക്ക് അവരെ കൈപിടിച്ചുയർത്താൻ നമുക്ക് ഒരുമിച്ചു പങ്കാളികളാകാം. കെയർ ക്ലിനിക്കിലൂടെ ഒപി കൺസൾട്ടേഷനുകളും ടെലിമെഡിസിൻ കൺസൾട്ടേഷനുകളും ഹോം കെയർ കൺസൾട്ടേഷനുകളും കാരിത്താസ് ആശുപത്രിയുടെ കെയർ ക്ലിനിക്കിലൂടെ നടത്തി. ദുരന്തബാധിത മേഖലയിൽ സൗജന്യ വാക്‌സിനേഷനുകളും കാരിത്താസ് കെയർ ക്ലിനിക്കിന്റെ ഭാഗമായി സംഘടിപ്പിച്ചിരുന്നു. ഡോക്ടർമാർക്ക് പുറമെ രണ്ട് സൈകോളജിസ്റ്റ്കളുടെസേവനവും ഇവിടെ ലഭ്യമാക്കിയിരുന്നു. അതാവശ്യ രോഗികൾക്കായി അടിയന്തര ആംബുലൻസ് സംവിധാനവും തയ്യാറാക്കിയിരുന്നു.
