കോട്ടയം: അതിരമ്പുഴ ഗ്രാമപഞ്ചായത്തും ഏറ്റുമാനൂർ ഗവൺമെന്റ് ഐ.ടി.ഐയും ചേർന്ന് ആരംഭിച്ച ജൈവവള ഉത്പാദന യൂണിറ്റ് ഉത്പാദിപ്പിച്ച 'നൈപുണ്യ' ജൈവവളം വിപണിയിൽ. 'എന്റെ മാലിന്യം എന്റെ ഉത്തരവാദിത്തം' എന്ന മുദ്രാവാക്യം മുൻനിർത്തി കഴിഞ്ഞ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഏറ്റുമാനൂർ ഗവൺമെന്റ് ഐ.ടി.ഐയിൽ മൂന്നു ലക്ഷം രൂപ ചെലവിൽ ശുചിത്വ മിഷൻ നിർമിച്ച തുമ്പൂർമൂഴി എയറോബിക് കമ്പോസ്റ്റ് യൂണിറ്റ് വഴിയാണ് ജൈവവള ഉത്പാദനം നടത്തുന്നത്. ഐ.ടി.ഐ. വിദ്യാർഥികളുടെയും അധ്യാപകരുടെയും ജീവനക്കാരുടെയും മറ്റും ഭക്ഷണാവശിഷ്ടങ്ങൾ സംസ്‌കരിച്ചാണ് ജൈവവളം ഉത്പാദിപ്പിക്കുന്നത്. നൈപുണ്യ ജൈവവളത്തിന്റെ വിപണനോദ്ഘാടനം അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജു വലിയമല നിർവഹിച്ചു. ഐ.ടി.ഐ.യിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പൽ സൂസി ആന്റണി അധ്യക്ഷത വഹിച്ചു. കിലോയ്ക്ക് 20 രൂപയാണ് വില. കോളജിലെ അധ്യാപകരുടെയും വിദ്യാർഥികളുടെയും ആവശ്യം കഴിഞ്ഞ് അധികമായി വരുന്ന ജൈവവളം കുടുംബശ്രീയുടെ സഹായത്തോടെ വിൽപ്പന നടത്തും. രാസവളങ്ങൾ ഒഴിവാക്കി ജൈവകൃഷിയെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ജൈവവള ഉത്പാദനം ആരംഭിച്ചത്. അതിരമ്പുഴ ഗ്രാമപഞ്ചായത്തംഗം സജി തടത്തിൽ, ഐ.ടി.ഐ. വൈസ് പ്രിൻസിപ്പൽ കെ. സന്തോഷ് കുമാർ, ക്ലീൻ ക്യാമ്പസ് നോഡൽ ഓഫിസർ പി.എസ്. ഷിബു, സീനിയർ സൂപ്രണ്ട് ഇ.കെ. ഹാഷിം, പി.ടി.എ. വൈസ് പ്രസിഡന്റ് ഷൈനി റെജി, സ്റ്റാഫ് സെക്രട്ടറി വി.എം. ശ്രീകുമാർ എന്നിവർ പങ്കെടുത്തു.
അതിരമ്പുഴ പഞ്ചായത്തും ഏറ്റുമാനൂർ ഐ.ടി.ഐ.യും കൈകോർത്തു; മാലിന്യം ജൈവവളമാക്കി വിപണിയിൽ.
