കോട്ടയം: തോടുകളിലെയും നദികളിലെയും പോള നീക്കാൻ പൊതുജനങ്ങൾക്ക് അനായാസം കൈകാര്യം ചെയ്യാവുന്ന യന്ത്രം രൂപകൽപന ചെയ്യുന്നതിന്റെ സാധ്യതകൾ ചർച്ചചെയ്യുന്നതിനായി സാങ്കേതിക വിദഗ്ധ സംഘം ജില്ല സന്ദർശിച്ചു. ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീയുടെ ആവശ്യപ്രകാരം തിരുവനന്തപുരം ബാർട്ടൻ ഹിൽ ഗവൺമെന്റ് എൻജിനീയറിങ് കോളജ്, ട്രാൻസ്ലേഷണൽ റിസർച്ച് ആൻഡ് പ്രൊഫഷണൽ ലീഡർഷിപ്പ് സെന്റർ എന്നിവിടങ്ങളിൽനിന്നുള്ള അധ്യാപകരടങ്ങുന്ന സാങ്കേതിക വിദഗ്ധരുടെ സംഘമാണ് ജില്ലയിലെത്തിയത്.
കുമരകം കാർഷിക വിജ്ഞാന കേന്ദ്രത്തിലെത്തിയ സംഘം ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ, കാർഷിക വിജ്ഞാനകേന്ദ്രം ഡയറക്ടർ ഡോ. ജി. ജയലക്ഷ്മി എന്നിവരുമായി ചർച്ച നടത്തി. തുടർന്ന് കുമരകം, വൈക്കം തോട്ടുവക്കം എന്നിവിടങ്ങളിലെ പോളശല്യം നേരിടുന്ന പ്രദേശങ്ങൾ സന്ദർശിച്ചു. വലിയ യന്ത്രങ്ങളുടെ സഹായമില്ലാതെ കുറഞ്ഞ ചെലവിൽ പൊതുജനങ്ങൾക്ക് അനായാസം തോടുകളിലെയും മറ്റും പോള നീക്കം ചെയ്യാൻ സാധിക്കുന്ന യന്ത്രം തയാറാക്കണമെന്ന ജില്ലാ കളക്ടറുടെ ആവശ്യത്തെത്തുടർന്നായിരുന്നു സന്ദർശനം. തോടുകളിൽ ഇറങ്ങാതെ കരയിൽ നിന്നു തന്നെ പോളയും മറ്റ് മാലിന്യങ്ങളും നീക്കം ചെയ്യാൻ കഴിയുന്നതരത്തിലുള്ള യന്ത്രം വികസിപ്പിക്കുന്നതിന്റെ പ്രാഥമിക ചർച്ചകളാണ് നടന്നത്. തോടുകളിൽ നിന്നു നീക്കുന്ന പോളയും മറ്റും കൃഷിക്ക് അനുയോജ്യമാകുന്ന തരത്തിൽ കമ്പോസ്റ്റ് വളമാക്കി മാറ്റാനുള്ള സാധ്യതയെക്കുറിച്ചും ചർച്ച ചെയ്തു. ടി.പി.എൽ.സി. കോ-ഓർഡിനേറ്റർ ഡോ. ആർ. സുജ, തിരുവനന്തപുരം ഗവൺമെന്റ് എൻജിനീയറിങ് കോളജ് അസിസ്റ്റന്റ് പ്രൊഫസർ അനീഷ് കെ. ജോൺ, ടി.പി.എൽ.സി. അസിസ്റ്റന്റ് പ്രൊഫസർ സി.ആർ. രാജലക്ഷ്മി, ടി.പി.എൽ.സി. പ്രോജക്ട് മാനേജർ ബി.എസ്. ലക്ഷ്മി, ടി.പി.എൽ.സി. പ്രോജക്ട് സ്റ്റാഫ് ശബരിനാഥ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. കള നിയന്ത്രണവുമായി ബന്ധപ്പെട്ട വിഷയത്തിലാണ് കാർഷിക സർവകലാശാലയിൽനിന്ന് ഗവേഷണം പൂർത്തീകരിച്ച് ഡോക്ടറേറ്റ് നേടിയതെന്നും പോളശല്യം മൂലം ജനങ്ങൾ നേരിടുന്ന പ്രശ്്‌നങ്ങൾ കണ്ടറിഞ്ഞാണ് പോള നീക്കുന്നതിന് കൈയിലൊതുങ്ങുന്ന യന്ത്രം വികസിപ്പിക്കുന്നതിന്റെ ആലോചനയുണ്ടായതെന്നും ഡോ. പി.കെ. ജയശ്രീ പറഞ്ഞു. ഇക്കാര്യം ബാർട്ടൻ ഹിൽ ഗവൺമെന്റ് എൻജിനീയറിങ് കോളജിലെ വിദഗ്ധരുമായി പങ്കുവച്ചപ്പോൾ അനുകൂല സമീപനമുണ്ടായതായും ചർച്ചകളും ഗവേഷണവും തുടരുമെന്നും കളക്ടർ പറഞ്ഞു. അപ്പർ കുട്ടനാട്, കുട്ടനാട് മേഖലകളിലെ ജലഗതാഗതത്തിനും ഉൾനാടൻ മത്സ്യബന്ധനത്തിനും ഒരുപോലെ തടസം സൃഷ്ടിക്കുന്നതാണ് പോള ശല്യം. കായലിൽ നിന്നും ഉപ്പു വെള്ളം കയറുന്ന സമയമാകുമ്പോൾ പോളയും പായലും ചീഞ്ഞു ജലം മലിനമാകുന്നതും ദുർഗന്ധം പരക്കുന്നതും പതിവാണ്.