കൈറ്റ് സ്‌കൂൾ വിക്കി പുരസ്‌കാരം; മാന്നാനം സെന്റ് എഫ്രേം എച്ച്.എസ്.എസിന് ഒന്നാം സ്ഥാനം


കോട്ടയം: പൊതുവിദ്യാഭ്യാസവകുപ്പിൽ സ്‌കൂളുകളെക്കുറിച്ചുള്ള ഓൺലൈൻ പോർട്ടലായ സ്‌കൂൾ വിക്കിയിൽ മികച്ച താളുകളൊരുക്കിയതിനുള്ള പുരസ്‌കാരങ്ങളിൽ ജില്ലാതലത്തിൽ സെന്റ് എഫ്രേം എച്ച്.എസ്.എസ്. സ്‌കൂളിന് ഒന്നാം സ്ഥാനം. ബുക്കാനൻ ഇൻസ്റ്റിറ്റിയൂഷൻ ഗേൾസ് ഹൈസ്‌കൂൾ പള്ളം, എൻ എസ്.എസ്.എച്ച്.എസ്.എസ്. കിടങ്ങൂർ എന്നീ സ്‌കൂളുകൾക്കാണ് രണ്ടും മൂന്നും സ്ഥാനങ്ങൾ.

15000 സ്‌കൂളുകളെ കോർത്തിണക്കി വിദ്യാഭ്യാസ മേഖലയിൽ ഇന്ത്യയിലെ പ്രാദേശിക ഭാഷയിലെ ഏറ്റവും വലിയ ഡിജിറ്റൽ വിവരശേഖരമായ 'സ്‌കൂൾ വിക്കി' സജ്ജമാക്കിയിട്ടുള്ള കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) ആണ് അവാർഡുകൾ ഏർപ്പെടുത്തിയത്. ജില്ലാതലത്തിൽ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾക്ക് യഥാക്രമം 25000, 15000, 10000 രൂപ വീതം കാഷ് അവാർഡും ട്രോഫിയും പ്രശംസാപത്രവും ലഭിക്കും. ഇൻഫോ ബോക്സിന്റെ കൃത്യത, ചിത്രങ്ങൾ, തനതു പ്രവർത്തനം, ക്ലബ്ബുകൾ, വഴികാട്ടി, സ്‌കൂൾ മാപ്പ് തുടങ്ങിയ ഇരുപതു മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയാണ് കൈറ്റ് സി.ഇ.ഒ. കെ. അൻവർ സാദത്ത് ചെയർമാനായ സമിതി സംസ്ഥാനതലത്തിൽ അവാർഡുകൾ നിശ്ചയിച്ചത്. ജില്ലാതലത്തിൽ ശ്രദ്ധേയമായ താളുകൾ ഒരുക്കിയ 16 വിദ്യാലയങ്ങൾക്കും കൈറ്റ് പ്രശംസാപത്രം നൽകും. ജൂലൈ ഒന്നിന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ  പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി അവാർഡുകൾ സമ്മാനിക്കും. സ്‌കൂളുകളുടെ പട്ടിക www.schoolwiki.in പോർട്ടലിൽ ലഭ്യമാണ്. സ്കൂൾ വിക്കി പുരസ്ക്കാരം2022 ൽ ക്ലസ്റ്റർ തലത്തിൽ കോട്ടയം ജില്ലയിൽ നിന്നും മൽസരിച്ചത് 16 സ്‌കൂളുകൾ ആണ്. കേരളത്തിലെ എല്ലാ വിദ്യാലയങ്ങളുടെയും സഹകരണത്തോടെ സൃഷ്ടിക്കുന്ന ഒരു വിജ്ഞാനകോശമാണ് സ്കൂൾ വിക്കി. സംസ്ഥാന തലത്തിൽ ആകെ 344 സ്കൂളുകളാണ് ക്ലസ്റ്റർ തലത്തിൽ യോഗ്യത നേടിയത്. കോട്ടയം ജില്ലയിൽ നിന്നും സെന്റ് പോൾസ് ജി.എച്ച്.എസ്, വെട്ടിമുകൾ, എൻ.എസ്സ്. എസ്സ്.എച്ച്.എസ്സ്.എസ്സ്. കിടങ്ങൂർ, സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ്.എസ്. കടനാട്, അൽഫോൻസ ഗേൾസ് എച്ച് എസ് വാകക്കാട്, എസ്സ്.എച്ച്.ഗേൾസ് ഭരണങ്ങാനം, സെന്റ് തോമസ്സ് എച്ച്.എസ് പാലാ, സെന്റ് മേരീസ്.ഗേൾസ് എച്ച് എസ്സ്.എസ്സ് പാലാ, സെന്റ് മേരീസ് എൽ പി എസ് തീക്കോയി, മൗണ്ട് കാർമൽ എച്ച്.എസ്സ്,എസ്സ് ഫോർ ഗേൾസ്,കോട്ടയം, സെന്റ് ആൻസ്. ഗേൾസ് എച്ച്.എസ്സ്.എസ്സ് കോട്ടയം, സെന്റ് ഷാന്താൾസ് എച്ച്.എസ്സ്, മാമ്മൂട്, സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം, ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്കൂൾ പള്ളം, അയർക്കാട്ടുവയൽ പയനിയർ യുപിഎസ്, സെന്റ്. മേരീസ് എച്ച്.എസ്സ്.എസ്സ് കുറവിലങ്ങാട്, സി എം എസ്സ് യു പി എസ്സ് കാട്ടാമ്പാക്ക് എന്നീ സ്‌കൂളുകളാണ് ക്ലസ്റ്റർ തലത്തിൽ യോഗ്യത നേടിയത്.