വൈക്കം: കഴിഞ്ഞകാല പ്രളയാനുഭവങ്ങൾ മുൻനിറുത്തി ജനങ്ങളുടെ സുരക്ഷ കർശനമായി ഉറപ്പാക്കും വിധത്തിൽ കാലവർഷ മുന്നൊരുക്കം അടിയന്തരമായി പൂർത്തീകരിക്കണമെന്ന് സി.കെ. ആശ എം.എൽ.എ. പറഞ്ഞു.
വൈക്കം നിയോജക മണ്ഡലത്തിലെ കാലവർഷ മുന്നൊരുക്കം വിലയിരുത്തുന്നതിന് വൈക്കം സത്യഗ്രഹ സ്മാരക ഹാളിൽ ചേർന്ന യോഗത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു എം.എൽ.എ.
സ്‌കൂളുകളിലും അങ്കണവാടികളിലും പരിശോധന നടത്തി കെട്ടിടങ്ങളുടെ ഫിറ്റ്‌നസ് ഉറപ്പാക്കണം. കെട്ടിടങ്ങൾക്കും മറ്റും നാശനഷ്ടം സൃഷ്ടിക്കുന്ന തരത്തിൽ അപകടാവസ്ഥയിലുള്ള മരങ്ങളും ശിഖരങ്ങളും മുറിച്ചു നീക്കണം. കാലവർഷം ശക്തമാകുന്നതോടൊപ്പം തന്നെ പകർച്ചവ്യാധികളും പെരുകാൻ സാധ്യതയുള്ളതിനാൽ അതത് പ്രദേശങ്ങളിലെ മാലിന്യ നിർമാർജ്ജനം, കാനകളുടെ ശുചീകരണം തുടങ്ങിയ പ്രവർത്തനങ്ങൾക്ക് തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ പ്രത്യേക ഊന്നൽ നൽകണം.
പ്രളയ സാഹചര്യത്തെ ചെറുക്കാൻ തോടുകളിലെയും, കനാലുകളിലെയും നീരൊഴുക്ക് സുഗമമാക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കണം. അന്ധകാരത്തോടിന്റെ നീരൊഴുക്ക് തടസപ്പെടുത്തുന്ന മാലിന്യങ്ങൾ അടിയന്തരമായി നീക്കണം. തലയോലപ്പറമ്പ് മാർക്കറ്റിലെ മാലിന്യനിർമ്മാർജ്ജനത്തിന് പഞ്ചായത്ത് നടപടി സ്വീകരിക്കണം. കോലോത്തുംകടവ് മാർക്കറ്റിൽനിന്ന് തെർമോക്കോൾ ബോക്‌സുകൾ കായലിൽ പുറന്തള്ളുന്നത് കായൽ മലിനീകരണത്തിന് കാരണമാകുന്നതിനാൽ കർശന നടപടി സ്വീകരിക്കണമെന്നും എം.എൽ.എ. പറഞ്ഞു.
കൃഷി, ജലസേചന വകുപ്പുകളും തദ്ദേശഭരണ സ്ഥാപനങ്ങളും സംയുക്ത പരിശോധന നടത്തി ജലനിർഗമനത്തിന് തടസമില്ലെന്ന് ഉറപ്പാക്കണം. ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിക്കുന്നതിനുള്ള സ്ഥലങ്ങൾ കണ്ടെത്തി ജീവനക്കാരെയടക്കം വിന്യസിക്കാനുള്ള മുൻകൂർ നടപടികൾ സ്വീകരിച്ചതായി തഹസിൽദാർ യോഗത്തെ അറിയിച്ചു.
തദ്ദേശസ്ഥാപന അധ്യക്ഷർ, സെക്രട്ടറിമാർ, വിവിധ വകുപ്പ് മേധാവികൾ എന്നിവർ പങ്കെടുത്തു. മഴക്കാല മുന്നൊരുക്കങ്ങളുമായി ബന്ധപ്പെട്ട് വിവിധ പഞ്ചായത്തുകളും, വകുപ്പുകളും സ്വീകരിച്ച നടപടികൾ യോഗം വിലയിരുത്തി.