കോട്ടയം: ഒരു സമയത്ത് രാജ്യത്തെ തന്നെ ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തിയിരുന്നു കോട്ടയത്തിനു ഇത്തവണ ലഭിച്ചത് സാധാരണ ലഭിക്കേണ്ട വേനൽ മഴയുടെ മൂന്നിരട്ടി മഴ. കൊടും ചൂടിൽ വെന്തുരുകിയ കോട്ടയത്തിനു കഴിഞ്ഞ ദിവസങ്ങളിലായി തുടരുന്ന വേനൽ മഴ ആശ്വാസം പകർന്നെങ്കിലും കനത്ത മഴയിൽ കണ്ണീരണിഞ്ഞത് കർഷകരാണ്. വിളഞ്ഞു പാകമായ ഏക്കറുകണക്കിന് നെൽപ്പാടമാണ് വെള്ളം കയറി കൃഷി നാശം നേരിട്ടത്. ജില്ലയിൽ മാർച്ച് മാസം ആദ്യവാരം മുതൽ ഇതുവരെ ലഭിച്ച മഴ 319.9 മില്ലീമീറ്ററാണ്. കണക്കുകൾ പ്രകാരം ലഭിക്കേണ്ടിയിരുന്ന മഴയുടെ അളവ് 105.2 മില്ലീമീറ്ററായിരുന്നു. ഈ സ്ഥാനത്താണ് കോട്ടയം ജില്ലയിൽ ഇത്തവണ മൂന്നിരട്ടി മഴ പെയ്തത്. സംസ്ഥാനത്ത് വേനൽ മഴ ലഭിച്ച ജില്ലകളിൽ നാലാം സ്ഥാനത്താണ് നമ്മുടെ കോട്ടയം ജില്ല. ഏപ്രില്‍ ഒന്ന് മുതല്‍ 12 വരെയുള്ള പ്രാഥമിക കണക്കുകൾ പ്രകാരം വേനല്‍മഴയിൽ ജില്ലയിലെ കാര്‍ഷിക മേഖലയില്‍ 21.58 കോടി രൂപയുടെ നാശനഷ്ടമുണ്ടായതായി പ്രിൻസിപ്പൽ കൃഷി ഓഫീസർ ബീന ജോർജ്.നെല്ല്, വാഴ, റബര്‍, അടയ്ക്ക, കൊക്കോ, കുരുമുളക്, ജാതിക്ക, കുരുമുളക്, വെറ്റില, കപ്പ, പച്ചക്കറികള്‍ തുടങ്ങിയവയ്ക്കാണ് നാശം സംഭവിച്ചത്. കൂടുതല്‍ നാശം സംഭവിച്ചത് നെല്‍ കൃഷിയ്ക്കാണ്. 1850 ഏക്കര്‍ വരുന്ന തിരുവാര്‍പ്പ് പഞ്ചായത്തിലെ ജെ-ബ്ലോക്ക് പാടശേഖരത്തിലും 860 ഏക്കര്‍ വരുന്ന തിരുവായിക്കര പാടശേഖരത്തിലും കൊയ്ത്തിനു പാകമായ നെൽച്ചെടികൾ വെള്ളത്തിൽ വീണുകിടക്കുകയാണ്.
ഇത്തവണ ലഭിച്ചത് മൂന്നിരട്ടി മഴ! വേനൽ മഴയിൽ സംസ്ഥാനത്ത് നാലാം സ്ഥാനത്ത് കോട്ടയം.