നാവായിക്കുളത്ത് കെഎസ്ആര്‍ടിസി മിന്നലും തടി ലോറിയും കൂട്ടിയിടിച്ച് കോട്ടയം സ്വദേശിയായ ബസ്സ് ഡ്രൈവർ ഉൾപ്പടെ 7 പേർക്ക് പരിക്ക്.


തിരുവനന്തപുരം: തിരുവനന്തപുരം നാവായിക്കുളത്ത് കെഎസ്ആര്‍ടിസി മിന്നലും തടി ലോറിയും കൂട്ടിയിടിച്ച് കോട്ടയം സ്വദേശിയായ ബസ്സ് ഡ്രൈവർ ഉൾപ്പടെ 7 പേർക്ക് പരിക്ക്. ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് അപകടം ഉണ്ടായത്.

തടി ലോറിയെ ഓവർടേക്ക് ചെയ്തു വന്ന ആംബുലൻസിന്റെ പിന്നിൽ തട്ടിയ ശേഷം ബസ് തടി ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ബസ്സ് യാത്രികരായിരുന്ന 5 തമിഴ്‌നാട് സ്വദേശികൾക്കും ബസ് ഡ്രൈവർ കോട്ടയം സ്വദേശിയായ ഷനോജ്, കണ്ടക്ടർ അഞ്ചൽ സ്വദേശിയായ അനൂപ് എന്നിവർക്കുമാണ് പരിക്കേറ്റത്. അപകടത്തിൽ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു.

അപകടത്തിൽ കെഎസ്ആർടിസി ബസ്സിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു. തിരുവനന്തപുരം ഭാഗത്തേക്ക് പോകുകയായിരുന്ന ബസ്സാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ പരിക്കേറ്റവരെ പാരിപ്പള്ളി മെഡിക്കൽ കോളേജിലും ഗുരുതരമായി പരിക്കേറ്റ ഒരാളെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. കല്ലമ്പലം പോലീസ് സ്ഥലത്തെത്തി മേൽനടപടികള്‍ സ്വീകരിച്ചു.