സപ്ലൈകോയുടെ വിഷു-ഈസ്റ്റർ-റംസാൻ ഫെയറുകൾ ഏപ്രിൽ 11 മുതൽ ആരംഭിക്കും.


കോട്ടയം: ഭക്ഷ്യ-പൊതുവിതരണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന സപ്ലൈകോ വിഷു-ഈസ്റ്റർ-റംസാൻ ഫെയറുകളുടെ സംസ്ഥാനതല ഉദ്ഘാടനം 11ന് തിരുവനന്തപുരത്ത് നടക്കുമെന്ന് മന്ത്രി ജി.ആർ. അനിൽ അറിയിച്ചു. ഉത്സവ സീസണിലെ വിപണി ഇടപെടലിലൂടെ വിലക്കയറ്റം നിയന്ത്രിക്കുന്നതിനും ഗുണനിലവാരമുള്ള ഭക്ഷോത്പന്നങ്ങൾ ജനങ്ങൾക്കു ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയുമാണ് സംസ്ഥാനത്തെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ഏപ്രിൽ 11 മുതൽ മെയ് 3 വരെ ഫെയറുകൾ സംഘടിപ്പിക്കുന്നതെന്ന് മന്ത്രി അറിയിച്ചു. പെട്രോളിയം ഉത്പന്നങ്ങളുടെ വില വർദ്ധനവിന്റെ പേരിൽ വിലക്കയറ്റം സൃഷ്ടിക്കാൻ അനുവദിക്കില്ലെന്നും സപ്ലൈകോ വില്പനശാലകളിലൂടെ ശബരി ഉത്പന്നങ്ങളും സബ്‌സിഡി, നോൺ സബ്‌സിഡി സാധനങ്ങളും വിതരണം നടത്തുന്നതിനുവേണ്ട നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. നഗരങ്ങളിൽ വിഷു, ഈസ്റ്റർ, റംസാൻ ഫെയറുകളും ഗ്രാമപ്രദേശങ്ങളിൽ മൊബൈൽ മാവേലി വില്പനശാലകളും പ്രവർത്തിക്കും.