തിരുവനന്തപുരം: കോവിഡ് രോഗവ്യാപന തോത് കുറഞ്ഞ സാഹചര്യത്തിൽ സംസ്ഥാനത്ത് ഏർപ്പെടുത്തിയിരുന്ന കോവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ചു. ദുരന്തനിവാരണ ആക്ട് അനുസരിച്ച് കേരളത്തിൽ ഏർപ്പെടുത്തിയിരുന്ന കോവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ച് ഉത്തരവിറക്കി.
അതേസമയം കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കോവിഡ് 19 മാർഗനിർദ്ദേശങ്ങൾ തുടരും. മാസ്‌ക്കുകൾ ഉപയോഗിക്കുന്നത് തുടരണം. കൈകളുടെ ശുചിത്വവും പാലിക്കണം. കോവിഡ് രോഗബാധ രൂക്ഷമായ സാഹചര്യത്തിൽ സംസ്ഥാനത്ത് ഒട്ടേറെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു.
കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന്‍റെ പേരിൽ ഇനി കേസെടുക്കില്ല. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ വകുപ്പിന്‍റെ നിർദേശ പ്രകാരമാണ് സംസ്ഥാന സർക്കാർ ഉത്തരവിറക്കിയത്. ഇതോടെ ഇനി മുതൽ സംസ്ഥാനത്ത് കണ്ടെയ്ൻമെന്റ് സോണുകൾ, ആൾക്കൂട്ട നിയന്ത്രണം, സാമൂഹിക അകലം തുടങ്ങിയ നിയന്ത്രണങ്ങൾ ഒഴിവാക്കി.