മണിമല: സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് നൂറുദിന പരിപാടിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന കാർഷിക പദ്ധതിയായ " ഞങ്ങളും കൃഷിയിലേക്ക് "എന്ന പദ്ധതിയുടെ ഭാഗമായി മണിമല ഗ്രാമ പഞ്ചായത്തിലെ ഓട്ടോറിക്ഷകളിൽ വിത്ത് പെട്ടി സജ്ജമാക്കി മണിമല കൃഷിഭവൻ. മണിമലയിൽ നിന്നും ഓട്ടം വിളിക്കുന്ന ഓട്ടോറിക്ഷകളിൽ നിന്നും യാത്ര അവസാനിക്കുമ്പോൾ വാഹനത്തിൽ പെട്ടിയിൽ സൂക്ഷിച്ചിരിക്കുന്ന പച്ചക്കറി വിത്തുകൾ സൗജന്യമായി യാത്രക്കാർക്ക് എടുക്കാവുന്നതാണ്. സുരക്ഷിത ഭക്ഷണവും ഭക്ഷ്യ സ്വയം പര്യാപ്തതയും പ്രോത്സാഹിപ്പിക്കുന്നതിനായി വളരെ വേഗത്തിൽ സാധാരണക്കാരിലുൾപ്പടെ പച്ചക്കറി വിത്തുകൾ എത്തിക്കാനുള്ള മാർഗ്ഗമായാണ് ഓട്ടോറിക്ഷകളിൽ വിത്ത് പെട്ടി സ്ഥാപിച്ചതെന്ന് കൃഷി ഓഫീസർ സിമി ഇബ്രാഹിം പറഞ്ഞു. എല്ലാ വീടുകളിലും പച്ചക്കറി കൃഷി വ്യാപകമാക്കുന്നതിന്റെ സന്ദേശം ജനങ്ങളിലെത്തിക്കുന്നതിനു വേണ്ടിയാണ് വ്യത്യസ്ഥ രീതിയിലുള്ള പ്രചാരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നത്. ലഭിക്കുന്ന വിത്തുകൾ നഷ്ടപ്പെടാതെ മണ്ണിൽ കുഴിച്ചിടണമെന്നും കൃഷി വകുപ്പ് ജീവനക്കാർ ഓർമ്മിപ്പിക്കുന്നു. യാത്രക്കാരുടെ താത്പര്യമനുസരിച്ച് വിത്തുകളെടുക്കുന്ന ഫോട്ടോയും എടുക്കാവുന്നതാണ്. പദ്ധതിയുടെ ഓട്ടോറിക്ഷാ ഡ്രൈവർമാർ പൂർണ്ണ സഹകരണമാണുള്ളതെന്നു കൃഷി ഓഫീസർ പറഞ്ഞു. ഇതോടെ " ഞങ്ങളും കൃഷിയിലേക്ക് " എന്ന പദ്ധതിയുടെ മണിമല പഞ്ചായത്തിലെ ബ്രാൻഡ് അംബാസിഡർമാരായി മാറിയിരിക്കുകയാണ് ഓട്ടോ ഡ്രൈവർമാർ. ഓട്ടോ ഡ്രൈവർമാർക്കുള്ള പച്ചക്കറി വിത്തുകളടങ്ങിയ കിറ്റിന്റെ വിതരണോദ്ഘാടനം കഴിഞ്ഞ ദിവസം കൃഷിഭവനിൽ നടന്ന ചടങ്ങിൽ വച്ച് മണിമല ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജെയിംസ് പി സൈമൺ നിർവ്വഹിച്ചു. ഒറ്റ ദിവസംകൊണ്ടു തന്നെ ഇതിനോടകം 100 ലധികം വീടുകളിൽ വിത്തുകൾ എത്തിച്ചേർന്നിട്ടുണ്ട്. സഞ്ചരിക്കുന്ന വിത്ത് വണ്ടിയിലൂടെ കാർഷിക വിപ്ലവത്തിലേക്ക് മുന്നേറുകയാണ് മണിമല ഗ്രാമപഞ്ചായത്ത്. എല്ലാ വാർഡുകളിലും മെമ്പർമാർ ചെയർമാൻമാരായി വാർഡുതല സമിതികൾ രൂപീകരിച്ച് ഈ പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്താനും ഇതിലെ പുരോഗതി വിലയിരുത്താനുമാവശ്യമായ പരിപാടികൾ നടത്തുന്നതായി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജെയിംസ് പി സൈമൺ പറഞ്ഞു.
ഓട്ടോറിക്ഷയിൽ വിത്ത് പെട്ടിയുമായി മണിമല കൃഷിഭവൻ! " ഞങ്ങളും കൃഷിയിലേക്ക് " പദ്ധതിയുടെ മണിമല പഞ്ചായത്തിലെ ബ്രാൻഡ് അംബാസിഡർമാരായി ഓട്ടോ ഡ്രൈവർമാർ.