കോട്ടയം: വിദ്യാർത്ഥികളുടെ പരീക്ഷാപേടി മാറ്റാനും, സമ്മർദ്ദ രഹിതമായ പരീക്ഷാ സാഹചര്യം സൃഷ്ടിക്കാനും ലക്ഷ്യമിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരീക്ഷ പേ ചർച്ച ഇന്ന്. ഡൽഹിയിലെ തൽക്കത്തോറ സ്റ്റേഡിയത്തിൽ രാവിലെ പതിനൊന്നിനാണ് പരീക്ഷ പേ ചർച്ചയുടെ അഞ്ചാം എഡിഷൻ സംഘടിപ്പിക്കുന്നത്. പരീക്ഷ പേ ചർച്ചയിൽ പങ്കെടുക്കാൻ രജിസ്‌റ്റർ ചെയ്തത രാജ്യത്തിനകത്തും വിദേശത്ത് നിന്നുമായുള്ള വിദ്യാത്ഥികളടക്കം പതിനഞ്ച് ലക്ഷത്തോളം പേരിൽ നിന്നാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നു രണ്ടായിരത്തിലേറെ വിദ്യാർഥികൾക്ക് അവസരം ലഭിച്ചത്. കേരളത്തിൽ നിന്നും പ്രധാനമന്ത്രിയുമായി സംവദിക്കാൻ പ്രത്യേകം ക്ഷണം ലഭിച്ചത് കോട്ടയം സ്വദേശിനികളായ സഹോദരിമാർക്ക് മാത്രമാണ്. കോട്ടയം റബർബോർഡ് കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാർഥിനികളായ ഡി.നന്ദിതയും ഡി.നിവേദിതയുമാണ് പരിപാടിയിൽ പങ്കെടുക്കുന്നത്. തണ്ണീർമുക്കം വൈശാഖിൽ വേദഗണിത പരിശീലകനായ പി.ദേവരാജന്റെയും പാമ്പാടി ഗവ. എൻജിനീയറിങ് കോളജ് കംപ്യൂട്ടർ പ്രോഗ്രാമറായ പി.എസ്.ധന്യയുടെയും മക്കളാണ് ഇവർ. പ്രധാനമന്ത്രിയുടെ സംവാദത്തിലേക്കു കേന്ദ്രീയ വിദ്യാലയം വഴി നേരിട്ടാണു ഈ മിടുക്കികൾക്ക് ക്ഷണം കിട്ടിയത്. നന്ദിത പ്ലസ് ടു വിലും നിവേദിത എട്ടാം ക്ലാസിലുമാണ് പഠിക്കുന്നത്. വിദ്യാര്‍ഥികള്‍ക്ക് ഗണിതം എളുപ്പമാക്കാന്‍ ലോക്ഡൗണ്‍ കാലത്ത് ഇരുവരും ചേര്‍ന്ന് ആരംഭിച്ച 'മാത്‌സ് മെയ്ഡ് ഈസി' ക്ലാസ് വലിയ ശ്രദ്ധനേടിയിരുന്നു. ഗണിതം ഈസിയായി പഠിക്കാനുള്ള വഴികളായിരുന്നു ഈ മിടുക്കിയുടെ ക്ലാസ്സിൽ.