എരുമേലി സ്വദേശിനിയായ വിദ്യാർത്ഥിനിയുടെ തിരോധാനം: ജെസ്‌നയെ സിറിയയിൽ കണ്ടെത്തിയെന്ന വാർത്ത വ്യാജം, ജസ്നയെ കണ്ടെത്താൻ ഇന്റർപോൾ വഴി 191 രാജ്യങ്ങളിൽ യെല്ലോ


കോട്ടയം: എരുമേലി സ്വദേശിനിയായ വിദ്യാർത്ഥിനിയുടെ തിരോധാനവുമായി ബന്ധപ്പെട്ടു പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്നും അടിസ്ഥാന രഹിതമാണെന്നും സിബിഐ. കാണാതായ എരുമേലി സ്വദേശിനിയും ബിരുദ വിദ്യാർത്ഥിനിയുമായ ജെസ്‌ന മരിയ ജയിംസിനെ സിറിയയിൽ കണ്ടെത്തി എന്ന വാർത്തയാണ് ഇപ്പോൾ സിബിഐ നിഷേധിച്ചിരിക്കുന്നത്. ജെസ്‌നയെ ഇതുവരെ കണ്ടെത്താനായിട്ടില്ല എന്നും മറ്റു വിവരങ്ങൾ ഒന്നും ലഭിച്ചിട്ടില്ല എന്നും സിബിഐ വൃത്തങ്ങൾ പ്രതികരിച്ചു. അതേസമയം  ബിരുദ വിദ്യാർത്ഥിനിയായ ജെസ്‌ന മരിയ ജയിംസിന്റെ തിരോധാനത്തിൽ കേസ് അന്വേഷണത്തിൽ സഹായകരമായ വിവരങ്ങൾ അറിയിക്കാൻ സിബിഐ അന്വേഷണ സംഘം നോട്ടീസ് ഇറക്കിയിരുന്നു. ഇപ്പോൾ ജസ്നയെ കണ്ടെത്താൻ ഇന്റർപോൾ വഴി 191 രാജ്യങ്ങളിൽ യെല്ലോ നോട്ടീസ് പുറപ്പെടുവിക്കാനൊരുങ്ങുകയാണ് അന്വേഷണ സംഘം. ഇതിനാവശ്യമായ ഫോട്ടോയും മറ്റു വിവരങ്ങളും സിബിഐ സംഘം ഇന്റർപോളിന്‌ കൈമാറി. എരുമേലി മുക്കൂട്ടുതറ സ്വദേശിനി ബിരുദ വിദ്യാർത്ഥിയായ ജെസ്‌ന മരിയ ജെയിംസിനെ കാണാതായി 4 വർഷം പിന്നിട്ടിട്ടും അന്വേഷണം എങ്ങുമെത്തിയില്ല എന്നുമാത്രമല്ല ഒരു തെളിവും കണ്ടെത്താൻ പൊലീസിനോ തുടർന്ന് അന്വേഷണം ഏറ്റെടുത്ത സിബിഐ സംഘത്തിനോ കഴിഞ്ഞിട്ടില്ല. ജെസ്‌നയുടെ തിരോധാനം സംബന്ധിച്ച കേസ് ഇപ്പോൾ അന്വേഷിക്കുന്നത് സിബിഐ ആണ്. സിബിഐ തിരുവന്തപുരം യൂണിറ്റിനാണ് അന്വേഷണ ചുമതല. മുക്കൂട്ടുതറ കൊല്ലമുള സ്വദേശിനി കുന്നത്തുവീട്ടില്‍ ജയിംസിന്റെ മകള്‍ ബിരുദ വിദ്യാര്‍ഥിനിയായ ജെസ്ന മരിയ ജെയിംസിനെ 2018 മാര്‍ച്ച് 22 നാണ് കാണാതാകുന്നത്. ജെസ്‌ന പിതൃസഹോദരിയുടെ മുണ്ടക്കയത്തെ വീട്ടിലേക്കു പോയി എന്നാണു പറയപ്പെടുന്നത്. വീട്ടിൽ നിന്നു മുക്കൂട്ടുതറ വരെ ഓട്ടോയിലും തുടർന്ന് ബസിലും എരുമേലിയിൽ എത്തിയതായി ആദ്യഘട്ട അന്വേഷണത്തിൽ വിവരം ലഭിച്ചിരുന്നു. ഇതിനിടെ ജെസ്‌നയെ മുണ്ടക്കയത്തു വെച്ച് കണ്ടതായി സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം നടത്തിയെങ്കിലും അത് ജെസ്‌നയോടു സാമ്യമുള്ള മറ്റൊരു പെൺകുട്ടിയായിരുന്നു. അധികമാരോടും അടുത്തിടപഴകുന്ന പ്രകൃതമായിരുന്നില്ല ജെസ്‌നയുടേത്. ജെസ്‌നയുടെ തിരോധാനം സംബന്ധിച്ചുള്ള അന്വേഷണത്തിലെ പുരോഗതി അതാത് സമയം അറിയിക്കണെമെന്നു ഹൈക്കോടതി ഉത്തരവിട്ടിരുന്നു. കേസിൽ പ്രയോജനകരമായി ഒന്നും കണ്ടെത്താൻ സാധിക്കാതെ വന്നതോടെ ഹൈക്കോടതി കേസ് സിബിഐ ക്ക് കൈമാറിയത്.