കോട്ടയം: വേനൽമഴയിൽ കൃഷി നാശം നേരിട്ട കോട്ടയം ജില്ലയിലെ കർഷകർക്ക് സഹായവും നഷ്ടപരിഹാരവും യുദ്ധകാലാടിസ്ഥാനത്തിൽ നൽകുന്നതിന് നടപടി സ്വീകരിക്കുമെന്ന് സഹകരണ-രജിസ്‌ട്രേഷൻ വകുപ്പു മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. ഭാവിയിൽ വേനൽ മഴയിൽ വെള്ളക്കെട്ടുണ്ടായി കൃഷി നശിക്കുന്നത് ഒഴിവാക്കാനുള്ള നടപടി സ്വീകരിക്കും. കൃഷിനാശം സംബന്ധിച്ച് കാർഷിക വികസന കർഷകക്ഷേമ വകുപ്പ് മന്ത്രിയുമായി സംസാരിച്ചതായും മന്ത്രി പറഞ്ഞു. വിഷയം മന്ത്രിസഭയുടെ ശ്രദ്ധയിൽപ്പെടുത്തും. നാശനഷ്ടമടക്കമുള്ളവ തിട്ടപ്പെടുത്താൻ പ്രിൻസിപ്പൽ കൃഷി ഓഫീസർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. നാശനഷ്ടമടക്കമുള്ള റിപ്പോർട്ട് അടിയന്തരമായി സർക്കാരിന് സമർപ്പിക്കാൻ ജില്ലാ കളക്ടറോട് നിർദ്ദേശിച്ചിട്ടുണ്ട്. സംസ്ഥാന ദുരന്തനിവാരണ ഫണ്ടിൽ നിന്ന് തുക അനുവദിച്ച് ഏറ്റുമാനൂർ-ചെറുവാണ്ടൂർ പാടശേഖരത്തിന്റെ പുറംബണ്ട് ബലപ്പെടുത്തുന്നതിന് നടപടി സ്വീകരിക്കും. ചാലുകളുടെ ആഴം വർധിപ്പിച്ച് വെള്ളമൊഴുക്ക് സുഗമമാക്കാനുള്ള നടപടികളും സ്വീകരിക്കും. ഇതിനാവശ്യമായ എസ്റ്റിമേറ്റ് എടുക്കാൻ കൃഷി വകുപ്പിന് നിർദ്ദേശം നൽകിയിട്ടുണ്ട്. വിളവെടുക്കാറായ പാടശേഖരത്താണ് വെള്ളം കയറിയത്. കർഷകർക്ക് എല്ലാ സഹായവും സർക്കാർ നൽകുമെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും കർഷകർക്കൊപ്പമാണ് സർക്കാരെന്നും മന്ത്രി പറഞ്ഞു.
വേനൽമഴ: കൃഷി നാശം നേരിട്ട ജില്ലയിലെ കർഷകർക്ക് സഹായവും നഷ്ടപരിഹാരവും യുദ്ധകാലാടിസ്ഥാനത്തിൽ നൽകുന്നതിന് നടപടി സ്വീകരിക്കും; വി.എൻ. വാസവൻ.