കാഞ്ഞിരപ്പള്ളി: രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിൻ്റെ ഭാഗമായി ഏപ്രിൽ 20 മുതൽ 27 വരെ നാഗമ്പടം മൈതാനത്ത് നടക്കുന്ന പ്രദർശന-വിപണന മേളയോടനുബന്ധിച്ച് ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് സംഘടിപ്പിക്കുന്ന എന്റെ കേരളം പ്രചാരണ യാത്രയ്ക്ക് തുടക്കമായി. ഇന്നലെ രാവിലെ 10 ന് പൊൻകുന്നം രാജേന്ദ്ര മൈതാനിയിൽ സർക്കാർ ചീഫ് വിപ്പ് ഡോ എൻ. ജയരാജ് പ്രചാരണ യാത്ര ഫ്ലാഗ് ഓഫ് ചെയ്തു. തത്സമയ ക്വിസ് പരിപാടി, കലാജാഥ, വികസന ചിത്ര-വീഡിയോ പ്രദര്‍ശനം എന്നിവ ഉൾപ്പെടുത്തിയുള്ള പരിപാടിയുടെ ജില്ലാതല ഉദ്ഘാടനവും അദ്ദേഹം നിർവ്വഹിച്ചു. വാഴൂർ ബ്ലോക്ക് പ്രസിഡന്റ് മുകേഷ് കെ മണി, ചിറക്കടവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സി ആർ ശ്രീകുമാർ, ജില്ല പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ടി. എൻ.ഗിരീഷ് കുമാർ, ബ്ലോക്ക് പഞ്ചായത്തംഗം മിനി സേതുനാഥ് ജില്ലാ ഇൻഫർമേഷൻ ഓഫീസർ എ. അരുൺകുമാർ എന്നിവർ പങ്കെടുത്തു. ഇന്നലെ കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളായ കാഞ്ഞിരപ്പള്ളി, മണിമല വെള്ളാവൂർ എന്നിവിടങ്ങളിലും ഇന്ന് കൊടുങ്ങൂർ, പള്ളിക്കത്തോട് ,പത്തനാട് ,കറുകച്ചാൽ എന്നിവിടങ്ങളിൽ പരിപാടികൾ അവതരിപ്പിക്കും. പൊതുജനങ്ങൾക്കായി സംഘടിപ്പിക്കുന്ന തത്സമയ ക്വിസ് പരിപാടിയിൽ ശരിയുത്തരം നൽകുന്നവർക്ക് ട്രോഫിയും പുസ്തകവും സമ്മാനമായി നൽകും. പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ ഏപ്രിൽ 16,17 തീയതികളിലും വൈക്കത്ത് 18,19 തീയതികളിലും പ്രചാരണ യാത്ര നടത്തും.
മന്ത്രി സഭാ വാർഷികം: എന്റെ കേരളം പ്രചാരണ യാത്രയ്ക്ക് കോട്ടയം ജില്ലയിൽ തുടക്കം.