ഈരാറ്റുപേട്ട ഫയർ സ്റ്റേഷന് പുതിയ ആസ്ഥാന മന്ദിരം: ഈ മാസം 16 ന് മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കും.


ഈരാറ്റുപേട്ട: ഈരാറ്റുപേട്ട ഫയർ സ്റ്റേഷന് പുതിയ ആസ്ഥാന മന്ദിരം ഈ മാസം 16 ന് മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കുമെന്നു പൂഞ്ഞാർ എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ പറഞ്ഞു. 1988-ൽ ആരംഭിച്ച ഈരാറ്റുപേട്ട ഫയർ സ്റ്റേഷൻ നാളിതുവരെ വാടകക്കെട്ടിടത്തിൽ പരിമിതമായ സൗകര്യങ്ങളിലാണ്  പ്രവർത്തിച്ചിരുന്നത്. ഇക്കഴിഞ്ഞ പ്രളയത്തിൽ ഫയർ സ്റ്റേഷനിൽ പ്രളയജലം കയറി ഉപകരണങ്ങളും റിക്കാർഡുകളുമെല്ലാം നശിച്ചു പോയിരുന്നു. എംഎൽഎ ആസ്തി വികസന ഫണ്ടിൽ നിന്നും 80 ലക്ഷം രൂപ ചിലവഴിച്ച് ആണ് പുതിയ ഓഫീസ്, ഗ്യാരേജ്, പാർക്കിംഗ് സൗകര്യം, മഴവെള്ള സംഭരണി, മറ്റ് അനുബന്ധ സൗകര്യങ്ങൾ ഉൾപ്പെടെ പുതിയ ആസ്ഥാന മന്ദിരം യാഥാർഥ്യമാക്കിയിരിക്കുന്നത്. കൂടാതെ മൈനർ ഇറിഗേഷൻ വകുപ്പിൽ നിന്നും 15 ലക്ഷം രൂപ ഫണ്ട് അനുവദിച്ചു സംരക്ഷണഭിത്തി കെട്ടി ഫയർ സ്റ്റേഷൻ കോമ്പൗണ്ട് സൗകര്യപ്രദമാക്കിയിട്ടുമുണ്ട്. മുൻപ് ഈരാറ്റുപേട്ട ടൗണിൽ പ്രവർത്തിച്ചിരുന്ന ഫയർ സ്റ്റേഷൻ ഇപ്പോൾ പൂഞ്ഞാർ ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡിൽ മറ്റക്കാട് ഭാഗത്ത് സർക്കാർ വക ഭൂമിയിൽ നിർമ്മിച്ച കെട്ടിടത്തിലേക്കാണ്‌ മാറുന്നത്. ആധുനികവൽക്കരിച്ച് സ്വന്തമായി പൂർത്തീകരിച്ച ആസ്ഥാന മന്ദിരത്തിൽ പുതിയ ഫയർ സ്റ്റേഷൻ ഓഫീസ് ഈ മാസം പതിനാറാം തീയതി മുഖ്യമന്ത്രി പിണറായി വിജയൻ ഔദ്യോഗികമായി നാടിന് സമർപ്പിക്കും.