ഏറ്റുമാനൂർ: കോട്ടയത്തിന്റെ അഭിമാനമായ ലഫ്റ്റനന്റ് കേണൽ ഹേമന്ദ് രാജിന് ഏറ്റുമാനൂർ പൗരാവലിയുടെ ആദരവ്. മലമ്പുഴ ചേറോട് മലയിലെ അസാധാരണമായ രക്ഷാ ദൗത്യത്തിനു നേതൃത്വം നൽകിയ ഏറ്റുമാനൂർ സ്വദേശി ലഫ്റ്റനന്റ് കേണൽ ഹേമന്ദ് രാജിന് ഏറ്റുമാനൂർ പൗരാവലിയുടെ നേതൃത്വത്തിൽ സ്വീകരണവും ആദരവും നൽകി.
ഏറ്റുമാനൂർ നന്ദാവനം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സഹകരണ-രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ ഉത്‌ഘാടനം, നിർവ്വഹിക്കുകയും ഹേമന്ദ് രാജിനെ പൊന്നാടയണിയിയ്ക്കുകയും പൗരാവലിയുടെ ഉപഹാരം നൽകുകയും ചെയ്തു. പരിപാടിയിൽ വിവിധ രാഷ്രീയ-സാംസ്കാരിക-സംഘടനാ പ്രതിനിധികൾ പങ്കെടുത്തു. മലമ്പുഴയിലെ പാറയിടുക്കിൽ 43 മണിക്കൂറിലേറെ കുടുങ്ങിക്കിടന്ന ബാബുവിന് ജീവിതത്തിലേക്ക് തിരികെയെത്തിച്ച സംഘത്തെ നയിച്ചത് ഹേമന്ദ് രാജായിരുന്നു.
മദ്രാസ് റെജിമെന്റൽ സെന്ററിൽ സേവനമനുഷ്ഠിക്കുന്ന ലഫ്.കേണൽ ഹേമന്ത് രാജിന് രാഷ്ട്രപതിയുടെ വിശിഷ്ടസേവാ മെഡൽ ലഭിച്ചിട്ടുണ്ട്. ഏറ്റുമാനൂർ മുത്തുച്ചിപ്പി വീട്ടിൽ റിട്ട.എക്സൈസ് ഓഫീസർ ടി കെ രാജപ്പന്റെയും സി എസ് ലതികാഭായിയുടെയും മകനാണ് ഹേമന്ദ് രാജ്. 2018 ലെയും 2019 ലെയും കേരളത്തിലെ പ്രളയ രക്ഷാ പ്രവർത്തനങ്ങൾക്ക് ഇദ്ദേഹം നേതൃത്വം നൽകിയിരുന്നു.
2018 ലെ പ്രളയ രക്ഷാ പ്രവർത്തനങ്ങൾക്കാണ് ഇദ്ദേഹത്തിന് രാഷ്ട്രപതിയുടെ വിശിഷ്ടസേവാ മെഡൽ ലഭിച്ചത്. മുൻരാഷ്ട്രപതി ഡോ.എ പി ജെ അബ്ദുൽ കലാമിന്റെ ആർമി ഗാർഡ് കമാൻഡറായി രാഷ്ട്രപതി ഭവനിലും ഇദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. 72 -ാം റിപ്പബ്ലിക്ക് ദിനത്തിൽ തമിഴ്‌നാട്ടിലെ റിപ്പബ്ലിക്ക്ദിന പരേഡ് നയിച്ചതും ഹേമന്ത് രാജ് ആണ്.