എരുമേലി: എരുമേലി-റാന്നി പാതയിൽ വനമേഖലയില്‍ പാതയോരത്ത് മാലിന്യനിക്ഷേപിക്കാനെത്തിവരെ കൈയോടെ പിടികൂടി വനംവകുപ്പ്. മണിപ്പുഴ സ്വദേശികളായ സുധാകരന്‍, ഇയാളുടെ മരുമകനായ അജോയി എന്നിവരാണ് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ പിടിയിലായത്. ഇവര്‍ക്കെതിരെ വനംവകുപ്പ് കേസ് രജിസ്റ്റര്‍ ചെയ്തു.
മാലിന്യവുമായി എത്തിയ ഗുഡ്‌സ് ഓട്ടോറിക്ഷയും പിടികൂടി. ഞായറാഴ്ച്ച രാത്രി എട്ടരയോടെ കരിമ്പിന്‍തോട്ടിലാണ് സംഭവം. എരുമേലി-റാന്നി പാതയിൽ കരിമ്പിന്‍തോട്ടില്‍ വേയ്‌സ്റ്റ് തള്ളുന്നതിനിടയിലാണ് ഇവര്‍ പിടിയിലാകുന്നത്. ചങ്ങനാശേരിയിലെ ഒരു വീട്ടില്‍ ജോലി ചെയ്തിരുന്ന ഇവര്‍ അവിടെ നിന്നും ലഭിച്ച പഴയടൈല്‍സ് അടങ്ങിയ വേയ്‌സ്റ്റ് പെട്ടിഓട്ടോറിക്ഷയിലാണ് വനത്തിനുള്ളില്‍ നിക്ഷേപിക്കുന്നതിനായി എത്തിച്ചത്.
നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് വനപാലകരെത്തി പിടികൂടുകയായിരുന്നു. ഇരുവരെയും കോടതിയില്‍ ഹാജരാക്കും. സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ബൂണ്‍ തോമസ്, കെ. പി. ലജികുമാര്‍, ലക്ഷ്മി പാര്‍വതി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. കഴിഞ്ഞ ആഴ്ച്ചയാണ് കനകപ്പലം മുതല്‍ മുക്കട വരെ വനമേഖലയിലുള്ള പാതയോരം വനപാലകര്‍ വൃത്തിയാക്കിയത്. പഴയകെട്ടിടങ്ങളുടെ വേസ്റ്റ് ഉള്‍പ്പെടെ ഇവിടെ തള്ളുന്ന് പതിവാണ്. മത്സ്യ-മാസാംവശിഷ്ടങ്ങളും വീടുകളില്‍ നിന്നുമുള്ള മാലിന്യങ്ങളും ഉള്‍പ്പെടെ വനപാലകര്‍ ഏറെ ശ്രമകരമായി വാരിയെടുത്ത് വൃത്തിയാക്കിയിരുന്നു. അതിനിടയിലാണ് വീണ്ടും മാലിന്യം തള്ളാന്‍ ചിലര്‍ എത്തുന്നത്.