എരുമേലി: പട്ടയഭൂമിയിലെ മരങ്ങൾ മുറിച്ചു നീക്കാൻ അനുവദിക്കാത്ത വനം വകുപ്പ് ഉദ്യോഗസ്ഥർ വനത്തിലെ മരങ്ങൾ മുറിച്ചു മാറ്റുന്നതിൽ നാട്ടുകാരുടെ പ്രതിഷേധം. എരുമേലി കണമലയിലാണ് വനംവകുപ്പിനെതിരെ നാട്ടുകാരുടെ പ്രതിഷേധം. പട്ടയഭൂമിയിൽ താമസിക്കുന്ന നാട്ടുകാർ സ്വന്തം ആവശ്യങ്ങൾക്ക് പോലും മരം മുറിച്ചു നീക്കാൻ അനുമതി നൽകാത്ത വനം വകുപ്പ് ഉദ്യോഗസ്ഥർ വിവിധ കാരണങ്ങൾ ഉന്നയിച്ചു വനത്തിലെ മരം മുറിച്ചു നീക്കുന്നതിനാണ് നാട്ടുകാർ പ്രതിഷേധിക്കുന്നത്. മേഖലയിൽ ഒരു വീട്ടമ്മ വീടിനു അടച്ചുറപ്പുള്ള ഒരു കഥകിനായി മരം മുറിച്ചപ്പോൾ തടി പിടിച്ചെടുക്കുകയും വീട്ടമ്മയ്‌ക്കെതിരെ വനം വകുപ്പ് ഉദ്യോഗസ്ഥർ കേസ് എടുക്കുകയും ചെയ്തിരുന്നു. നാട്ടുകാർക്കും ഉദ്യോഗസ്ഥർക്കും രണ്ടു തരത്തിലുള്ള നിയമമാണ് ഇവിടെ നടപ്പിലാക്കുന്നതിന് നാട്ടുകാർ ആരോപിച്ചു. കഴിഞ്ഞ 2 വർഷമായി കണമല ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ പമ്പാവാലി മേഖലകളിൽ കർഷകർ നാട്ടു വളർത്തിയ ഒരു മരം പോലും മുറിച്ചു നീക്കാൻ വനം വകുപ്പ് ഉദ്യോഗസ്ഥർ അനുമതി നൽകിയിരുന്നില്ല. പട്ടയം സ്വന്തമായി ലഭിച്ചിട്ടും അധികൃതരുടെ പ്രവൃത്തിയിൽ വരും ദിവസങ്ങളിൽ പ്രതിഷേധം ശക്തമാക്കാനാണ് കർഷക സംഘടനകളുടെ തീരുമാനം. പമ്പാവാലി മേഖലയിലെ കർഷകന്റെ പട്ടയ ഭൂമികളുടെ സ്റ്റാറ്റസ് വനമാണ് അതിനാലാണ് മരം മുറിക്കാനും വിൽക്കാനുമൊക്കെ തടസ്സമെന്നാണ് കണമലയിലെ ഫോറസ്റ്റ് ഉദ്യേഗസ്ഥർ പറയുന്നതെന്നാണ് നാട്ടുകാർ പറയുന്നത്.