വേനൽ മഴയിൽ കൃഷി നാശനഷ്ടം സംഭവിച്ച കർഷകർക്ക് സാമ്പത്തിക സഹായം എത്തിക്കും; ജോസ് കെ മാണി.


ചങ്ങനാശ്ശേരി: വേനൽ മഴയിൽ കൃഷി നാശനഷ്ടം സംഭവിച്ച കർഷകർക്ക് സാമ്പത്തിക സഹായം എത്തിക്കുമെന്ന് ജോസ് കെ മാണി എം പി. വേനൽ മഴയിൽ കൃഷി നാശം സംഭവിച്ച ചങ്ങനാശേരിയിലെ വിവിധ മേഖലകൾ എംഎൽഎ ജോബ് മൈക്കിളിനൊപ്പം ജോസ് കെ മാണി സന്ദർശിച്ചു. കൃഷി വകുപ്പ് മന്ത്രിയുമായി ബന്ധപ്പെട്ട് നാശനഷ്ടങ്ങളുടെ തീവ്രത അറിയിച്ചതായും തിരുവനന്തപുരത്ത് എത്തി നേരിട്ട് കൂടിക്കാഴ്ച നടത്തി കര്ഷകര്ക്കാവശ്യമായ സഹായം വേഗത്തിൽ എത്തിക്കുമെന്നും എംഎൽഎ ജോബ് മൈക്കിൾ പറഞ്ഞു. കഴിഞ്ഞ വർഷത്തെ വേനൽമഴയിൽ സംഭവിച്ച ഭീമമായ നഷ്ടം ഇത്തവണത്തെ പുഞ്ച കൃഷിയിലൂടെ നികത്തി ലാഭമുണ്ടാക്കാം എന്ന ഉദ്ദേശത്തോടെയാണ് വീണ്ടും കർഷകർ കൃഷി ഇറക്കിയത്. എന്നാൽ അപ്രതീക്ഷിത വേനൽമഴയിൽ വിളവെടുപ്പിന് പാകമായ നെൽകതിരുകളാണ് വീണു നശിച്ചത്. പായിപ്പാട് പഞ്ചായത്തിൽ 17 പാടശേഖരങ്ങളിലായി ഏകദേശം 300 ഹെക്ടർ,  വാഴപ്പള്ളി പഞ്ചായത്തിൽ 26 പാടശേഖരങ്ങളിലായി 1050 ഹെക്ടർ, കുറിച്ചി പഞ്ചായത്തിൽ 17 പാടശേഖരങ്ങളിലായി 250 ഹെക്ടർ എന്നിങ്ങനെയാണ് നെൽകൃഷി ശക്തമായ വേനൽമഴയിൽ നശിച്ച് പോയത്.