എരുമേലി മുക്കൂട്ടുതറ അക്ഷയകേന്ദ്രത്തിന് ഐ.എസ്. ഒ അംഗീകാരം, അംഗീകാരം ലഭിക്കുന്ന ജില്ലയിലെ രണ്ടാമത്തെ അക്ഷയ കേന്ദ്രം.


എരുമേലി: എരുമേലി മുക്കൂട്ടുതറ അക്ഷയകേന്ദ്രത്തിന് ഐ.എസ്. ഒ അംഗീകാരം ലഭിച്ചു. ഐ.എസ്. ഒ അംഗീകാരം ലഭിക്കുന്ന ജില്ലയിലെ രണ്ടാമത്തെ അക്ഷയ കേന്ദ്രമാണിത്. സേവന മികവിലും ജനസമ്മതിയിലും മുന്‍നിരയിലെത്തിയ മുക്കൂട്ടുതറ അക്ഷയകേന്ദ്രത്തിനുള്ള ഐ.എസ്. ഒ സർട്ടിഫിക്കറ്റ് ജില്ലാകളക്ടർ ഡോ. പി കെ ജയശ്രീ സമ്മാനിച്ചു. അക്ഷയ സംരംഭകനായ ടി.എസ് ശിവകുമാർ സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. കളക്ട്രേറ്റിൽ നടന്ന ചടങ്ങിൽ അക്ഷയ ജില്ലാ പ്രോജക്റ്റ് മാനേജര്‍ കെ. ധനേഷ് ഐ’ എസ്.ഒ ലീഡ് ആഡിറ്റർ ആൻ്റ് ട്രെയിനർ എം.കെ. അനൂപ് , അക്ഷയ ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു. 2008 ലാണ് ഈ അക്ഷയകേന്ദ്രം ആരംഭിച്ചത്. ആറ് കൗണ്ടറുകളിലായി ആധാര്‍ , ബാങ്കിംഗ് , ഇൻഷ്വുറൻസ്, തുടങ്ങി എല്ലാവിധ സർക്കാർ -സർക്കാരിതര സേവനങ്ങള്‍ ലഭ്യമാക്കി രാവിലെ 9 മണിമുതല്‍ വൈകുന്നേരം ആറ് വരെയാണ് പ്രവർത്തിക്കുന്നത് . 2014-15 ൽ സംസ്ഥാന സർക്കാരിന്റെ മികച്ച രണ്ടാമത്തെ അക്ഷയകേന്ദ്രത്തിനുള്ള ഇ ഗവേണൻസ് അവാർഡ് ലഭിച്ചിരുന്നു. കാഞ്ഞിരപ്പള്ളി ബ്ലോക്കിലെ മാസ്റ്റർ ടെക് കൂടിയാണ് ശിവകുമാർ. വയോജനങ്ങൾക്ക് വീട്ടിലെത്തി സേവനം ലഭ്യമാക്കുന്നുണ്ട്. 'ഇല വാട്ടി സ്‌നേഹം പൊതിഞ്ഞു കെട്ടി' എന്ന പേരില്‍ 2008 മുതല്‍ പൊതുജന പങ്കാളിത്വത്തോടെ 100 ല്‍ പരം പൊതിച്ചോര്‍ എല്ലാ തിങ്കാളഴ്ചയും സംരംഭകന്റെ നേതൃത്ഥത്തില്‍ അനാഥലയങ്ങളില്‍ എത്തിച്ചു നൽകുന്നുണ്ട്. സി.സി.ടി.വി, ടെലിവിഷൻ , ടോക്കൺ സംവിധാനം എന്നീ സംവിധാനങ്ങളും എട്ട് ജീവനക്കാരും കേന്ദ്രത്തിൽ പ്രവർത്തന സജ്ജമാണ്. ജീവനക്കാർ യൂണിഫോം ധരിച്ചാണ് ജോലി ചെയ്യുന്നത്. സേവന മികവിന് ഇൻസെൻ്റീവും മാസം തോറും എവർ റോളിംഗ് ട്രോഫിയും ഇവർക്ക് നൽകി വരുന്നു.