വ്യാജ ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റുമായി വിദേശത്തേക്ക് കടക്കാന്‍ ശ്രമം; കോട്ടയം സ്വദേശിയായ യുവാവ് നെടുമ്പാശ്ശേരിയില്‍ പിടിയില്‍.


കൊച്ചി: വ്യാജ ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റുമായി വിദേശത്തേക്ക് കടക്കാന്‍ ശ്രമം നടത്തിയ കോട്ടയം സ്വദേശിയായ യുവാവ് നെടുമ്പാശ്ശേരിയില്‍ പിടിയില്‍. എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ അബുദാബിയിലേക്ക് പോകാനെത്തിയ കോട്ടയം പെരുവ സ്വദേശിയായ ശ്രീനാഥ് ശ്രീകുമാറിനെയാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ അധികൃതർ തടഞ്ഞു വെച്ചു പോലീസിൽ ഏൽപ്പിച്ചത്. അബുദാബിയിലേക്ക് പോകുന്നതിന് രണ്ട് വാക്സിനേഷനെടുത്ത സർട്ടിഫിക്കറ്റോ, ആർടിപിസിആർ സർട്ടിഫിക്കറ്റോ ഹാജരാക്കണം. എന്നാൽ ഇയാൾ ഹാജരാക്കിയ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് വിമാനത്താവളത്തിലെ പരിശോധനയിൽ കണ്ടെത്തി. വിമാനത്താവളത്തിലെ മറ്റൊരു ഏജൻസിയിലെ ജീവനക്കാരൻ 2000 രൂപ വാങ്ങിയാണ് വ്യാജ സർട്ടിഫിക്കറ്റ് നൽകിയതെന്ന് അന്വേഷണത്തിൽ വ്യക്തമായി. തുടർന്നു കോട്ടയം സ്വദേശിയെയും സർട്ടിഫിക്കറ്റ് വ്യാജമായി നൽകിയയാളെയും നെടുമ്പാശേരി പൊലീസിന് കൈമാറി. യാത്രാ രേഖകൾ നൽകുന്നതിനായി എയർ ഇന്ത്യാ എക്സ്പ്രസിന്റെ കൗണ്ടറിലെത്തിയ ഇയാൾ മൊബൈലിൽ നിന്നും വാക്സിൻ സ്വീകരിച്ച സർട്ടിഫിക്കറ്റിന്റെ കോപ്പി നഷ്ടമായെന്ന് ആദ്യം പറയുകയായിരുന്നു. എന്നാൽ യാത്രാനുമതി നൽകാനാവില്ലെന്ന് അധികൃതർ വ്യക്തമാക്കിയതോടെ കുറച്ച് മണിക്കൂർ കഴിഞ്ഞ് ഇയാൾ ആർ.ടി.പി.സി.ആർ സർട്ടിഫിക്കറ്റ് ഹാജരാക്കുകയായിരുന്നു. യുവാവിന്റെ പ്രവൃത്തിയിൽ സംശയം തോന്നിയ അധികൃതർ സർട്ടിഫിക്കറ്റ് വിശദമായി പരിശോധിച്ചപ്പോഴാണ് വ്യാജമാണെന്ന് തിരിച്ചറിഞ്ഞത്. തുടർന്ന് ഇരുവരെയും അധികൃതർ പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.