എരുമേലി മുക്കടയിൽ മദ്യപാനത്തിനിടെ കത്തിക്കുത്ത്, ഗുരുതരമായി പരിക്കേറ്റയാൾ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ.


എരുമേലി: എരുമേലി മുക്കടയിൽ മദ്യപാനത്തിനിടെയുണ്ടായ കത്തിക്കുത്തിൽ ഒരാൾക്ക് ഗുരുതര പരിക്ക്. മുക്കട സ്വദേശിയായ രാജേന്ദ്രനാണ് കത്തിക്കുത്തിൽ ഗുരുതരമായി പരിക്കേറ്റത്. ഇയാളെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചെങ്ങന്നൂർ സ്വദേശി ശ്രീകുമാർ ആണ് രാജേന്ദ്രനെ കുത്തി പരിക്കേൽപ്പിച്ചത്. ഇന്നലെ വൈകിട്ടാണ് സംഭവം. ഇന്നലെ രാവിലെ മുതൽ രാജേന്ദ്രനും ശ്രീകുമാറും മദ്യപിക്കുകയായിരുന്നു എന്നും അധികമാരും എത്താത്ത സ്ഥലത്താണ് ഇവർ മദ്യപിച്ചിരുന്നത് എന്നും നാട്ടുകാർ പറഞ്ഞു. വൈകിട്ടുണ്ടായ ശക്തമായ മഴയ്ക്കിടെയാണ് സംഭവം ഉണ്ടായത്. രാജേന്ദ്രന്റെ വലത് കൈയുടെ മുകൾ ഭാഗത്താണ് കുത്തേറ്റത്. സംഭവം വളരെ വൈകിയാണ് നാട്ടുകാർ അറിഞ്ഞത്. തുടർന്നു നാട്ടുകാർ ചേർന്ന് ഇയാളെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. രാജേന്ദ്രനെ കുത്തി പരിക്കേല്പിച്ച ശേഷം ശ്രീകുമാർ കടന്നു കളയുകയായിരുന്നു. സംഭവത്തിൽ മണിമല പോലീസ് അന്വേഷണം ആരംഭിച്ചു.