ഈസ്റ്റർ ആഘോഷത്തിനൊരുങ്ങി ജില്ലയിൽ ദേവാലയങ്ങൾ.


കോട്ടയം: അമ്പതു നോമ്പിൽ ത്യാഗത്തിന്റെയും സഹനത്തിന്റെയും നോമ്പ് കാലത്തിനു ശേഷം ജില്ലയിൽ ഈസ്റ്റർ ആഘോഷത്തിനൊരുങ്ങുകയാണ് ക്രൈസ്തവ വിശ്വാസികളും ദേവാലയങ്ങളും. ദേവാലയങ്ങളിൽ ഈസ്റ്റർ തിരുക്കർമ്മങ്ങൾ ഇന്ന് രാത്രിയും നാളെ രാവിലെയുമായി നടക്കും. കോവിഡിനെ തുടർന്ന് കഴിഞ്ഞ വര്ഷം വിശ്വാസികളെ പങ്കെടുപ്പിച്ച് കൊണ്ടുള്ള തിരുക്കർമ്മങ്ങൾ ഉണ്ടായിരുന്നില്ല. എന്നാൽ ഇത്തവണ കോവിഡ് നിയന്ത്രണങ്ങൾ നീക്കിയതിനാൽ ഈസ്റ്റർ ആഘോഷമാക്കാൻ ഒരുങ്ങിയിരിക്കുകയാണ് എല്ലാവരും. തിരുക്കർമ്മങ്ങൾക്ക് ശേഷം വിവിധ ദേവാലയങ്ങളിൽ ഈസ്റ്റർ മുട്ട വിതരണം ചെയ്യും. യുവജനക്കൂട്ടായ്മകളുടെ നേതൃത്വത്തിൽ ഈസ്റ്റർ മുട്ടകൾ തയ്യാറാക്കിക്കഴിഞ്ഞു.പാലാ സെന്റ്.തോമസ് കത്തീഡ്രലിൽ നടക്കുന്ന ചടങ്ങിൽ  പാലാ രൂപതാ മെത്രാൻ മാർ ജോസഫ്  കല്ലറങ്ങാട്ട് കാർമ്മികത്വം വഹിക്കും. ചങ്ങനാശ്ശേരി സെന്റ്.മേരീസ് കത്തീഡ്രലിൽ അതിരൂപതാ മെത്രാൻ മാർ ജോസഫ് പെരുംതോട്ടം കാർമ്മികത്വം വഹിക്കും. കാഞ്ഞിരപ്പള്ളി സെന്റ്.ഡൊമിനിക്സ് കത്തീഡ്രലിൽ മെത്രാൻ മാർ ജോസ് പുളിക്കൽ കാർമ്മികത്വം വഹിക്കും. സീറോമലബാർ സഭയുടെ മേജർ ആർച്ചുബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി സെന്റ് മേരീസ് ബസിലിക്കയിൽ ഇന്ന് രാത്രി 11.45-ന് ഈസ്റ്റർ കുർബാന അർപ്പിക്കും. വൈക്കം ഉദയനാപുരം സെന്റ്.ജോസഫ് ദേവാലയത്തിൽ ഈസ്റ്റർ തിരുക്കർമ്മങ്ങൾ രാത്രി 11 മണിക്ക് ആരംഭിക്കും.  കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്‌കോപ്പൽ മർത്ത മറിയം ആർച്ച് ഡീക്കൻ തീർത്ഥാടന ദേവാലയത്തിൽ രാവിലെ 3 മണിക്ക് തിരുക്കർമ്മങ്ങൾ ആരംഭിക്കും.