വൈക്കം: കെ.എഫ്.ഡി.സി വൈക്കത്ത് നിർമ്മിക്കുന്ന തീയേറ്റർ സമുച്ചയത്തിന്റെ കരാർ വൈക്കം നഗരസഭയും കെ.എഫ്.ഡി.സി യുമായി ഒപ്പുവച്ചു. 360000 രൂപ വാർഷിക അടിസ്ഥാന നിരക്കിൽ 30 വർഷത്തേക്കാണ് കരാർ.
മൂന്ന് വർഷത്തിനു ശേഷം അടിസ്ഥാന പാട്ടത്തുകയുടെ 10 ശതമാനം വീതം പിന്നീടുള്ള ഓരോ വർഷവും വർദ്ധിപ്പിക്കും. തിയേറ്റർ സമുച്ചയത്തിൽ 2 തിയേറ്ററുകളാവും ഉണ്ടാവുക. ഇന്ന് ലഭ്യമായതിൽ ഏറ്റവും ആധുനികമായ സാങ്കേതിക വിദ്യ ആയിരിക്കും വൈക്കത്തെ തിയേറ്ററുകളിൽ സജ്ജീകരിക്കുക എന്ന് കെ.എഫ്.ഡി.സി ചെയർമാൻ ഷാജി എൻ കരുൺ വ്യക്തമാക്കി. ഏപ്രിൽ മാസത്തിൽ തന്നെ തീയേറ്റർ നിർമ്മാണം ആരംഭിക്കുവാനുള്ള നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്.
കഴിഞ്ഞ എൽഡിഎഫ് സർക്കാർ വൈക്കത്ത് അനുവദിച്ച വലിയ പദ്ധതികളിൽ ഒന്നായ സിനിമ തിയേറ്റർ ആണ് ഇപ്പോൾ നിർമ്മാണ ഘട്ടത്തിലേക്ക് കടക്കുന്നത്. ക്ഷേത്ര നഗരിക്ക് അനുയോജ്യമായ രീതിയിൽ പൗരസ്ത്യ പാശ്ചാത്യ നിർമ്മാണ ശൈലികൾ സംയോജിപ്പിച്ചാണ് തീയേറ്റർ കെട്ടിടസമുച്ചയം രൂപകല്പന ചെയ്തിട്ടുള്ളത്. നഗരസഭയെ പ്രതിനിധീകരിച്ച് നഗരസഭ സെക്രട്ടറി രമ്യ കൃഷ്ണൻ കെ.എഫ്.ഡി.സി യെ പ്രതിനിധീകരിച്ച് എം ഡി എൻ. മായ എന്നിവരാണ് കരാറിൽ ഒപ്പുവച്ചത്.
വൈക്കം എംഎൽഅ സി കെ ആശ, വൈക്കം നഗരസഭ ചെയർപേഴ്സൺ രേണുകാ രതീഷ്, കെ.എഫ്.ഡി.സി ചെയർമാൻ ഷാജി എൻ. കരുൺ, നഗരസഭ വൈസ് ചെയർമാൻ പി ടി. സുഭാഷ്, നഗരസഭാ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഹരിദാസൻ നായർ എന്നിവരുടെ സാന്നിധ്യത്തിൽ തിരുവനന്തപുരത്തെ കെ.എഫ്.ഡി.സി ഓഫീസിൽ നടത്തിയ അന്തിമ ചർച്ചയെത്തുടർന്നാണ് കരാറിൽ ഒപ്പുവച്ചത്. കെ.എഫ്.ഡി.സി യെ പ്രതിനിധീകരിച്ച് ഫിനാൻസ് മാനേജർ ജി. വിദ്യ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഓ.വി തദേവൂസ് എന്നിവർ പങ്കെടുത്തു.