യുദ്ധഭീതിയുടെ നീണ്ട മണിക്കൂറുകൾ പിന്നിട്ട് ശ്രീകൃഷണയെത്തി മാതാപിതാക്കൾക്കരികെ, കടന്നു പോയത് ഭീതിയുടെ നിമിഷങ്ങളിലൂടെയെന്നു വൈക്കം സ്വദേശിനി.


വൈക്കം: യുദ്ധഭീതിയുടെ നീണ്ട മണിക്കൂറുകൾ പിന്നിട്ട് മാതാപിതാക്കൾക്കരികെ ആശ്വാസ തീരത്ത് ശ്രീകൃഷണയെത്തി. വൈക്കം കുലശേഖരമംഗലം കൊടുപ്പാടം മാപ്പിളത്തറ ഷാജി-വിജി ദമ്പതികളുടെ മകൾ ശ്രീകൃഷ്‌ണ ഷാജിയാണ് കേന്ദ്ര സർക്കാരിന്റെ ഓപ്പറേഷൻ ഗംഗ വഴി നാട്ടിലെത്തിയത്. ഉക്രെയിനിൽ ബുക്കോവിനിയൻ സ്റ്റേറ്റ് ഓഫ് മെഡിക്കൽ സർവ്വകലാശാലയിലെ എംബിബിഎസ് മൂന്നാം വർഷ വിദ്യാർത്ഥിനിയായിരുന്നു ശ്രീകൃഷ്ണ.

 

യുദ്ധം ആരംഭിച്ചതോടെ ഭീതിയുടെയും ആശങ്കയുടെയും നാളുകളായിരുന്നു എന്ന് ശ്രീകൃഷ്‌ണ പറയുന്നു. ഓരോ മിനിറ്റുകളും കടന്നു പോയത് ഭീതിയുടെ നിമിഷങ്ങളിലൂടെയെന്നു ഓർക്കുമ്പോൾ ശ്രീകൃഷ്‌ണയിൽ നിന്നും ഇപ്പോഴും പേടി വിട്ടുമാറിയിട്ടില്ല. നാട്ടിലേക്ക് എത്താൻ സാധിക്കുമോ എന്ന ആശങ്കയിലായിരുന്നു മലയാളി വിദ്യാർത്ഥികൾ. വിവിധ രാജ്യങ്ങളിൽ നിന്നായി നിരവധിപ്പേരാണ് ഉക്രെയിനിൽ പഠനത്തിനായി എത്തിയിരിക്കുന്നത്. കുറച്ചു പേർ അവരവരുടെ രാജ്യങ്ങളിലേക്ക് മടങ്ങി പോയി. എന്നാൽ ഇപ്പോഴും സഹപാഠികളടക്കം നിരവധിപ്പേർ വിവിധ സ്ഥലങ്ങളിലായി കുടുങ്ങിക്കിടക്കുകയാണെന്നു ശ്രീകൃഷ്ണ പറഞ്ഞു.

 

റുമാനിയ അതിർത്തിയിലേക്ക് വാഹനത്തിൽ ഇന്ത്യൻ പതാക കെട്ടി പോലീസ് അകമ്പടിയോടെയാണ് എത്തിയത്. പരിശോധനകൾക്ക് ശേഷമാണ് വിമാനത്താവളത്തിൽ എത്തിയതും തുടർന്ന് മുബൈയിലേക്ക് എത്തിയതും. പിന്നീട് കേരളാ ഹൗസിൽ തങ്ങിയ ശേഷം പ്രത്യേക വിമാനത്തിൽ നെടുമ്പാശ്ശേരിയിൽ എത്തുകയായിരുന്നു. ശ്രീകൃഷ്‌ണയ്‌ക്കൊപ്പം മറ്റു രണ്ടു കോട്ടയം സ്വദേശിനികളായ വിദ്യാർത്ഥിനികളും ഉണ്ടായിരുന്നു. കോട്ടയം പുതുപ്പള്ളി അഞ്ചേരി നിരവത്ത് റവ.ഡോ.തോമസ് കുര്യൻ-ജിസിമോൾ ദമ്പതികളുടെ മകൾ ഗ്രീഷ്മ റേച്ചൽ തോമസ്, പുതുവേലി വടക്കേക്കരയിൽ ഐസക്ക് വി പോൾ-സിബി ദമ്പതികളുടെ മകൾ ആഞ്ചല മരിയ ഐസക്ക് എന്നിവരും ശ്രീകൃഷ്‌ണയ്‌ക്കൊപ്പമാണ് നാട്ടിൽ എത്തിയത്. ഉക്രെയിനിൽ കുടുങ്ങിക്കിടക്കുന്നവരെ എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള നടപടികൾ സ്വീകരിച്ചതായി കേന്ദ്ര മന്ത്രി വി മുരളീധരൻ പറഞ്ഞു. നാട്ടിലെത്തിയ ശ്രീകൃഷ്ണ ഷാജിയെ ബിജെപി കോട്ടയം ജില്ലാ പ്രസിഡന്റ്‌ ലിജിൻ ലാൽ വീട്ടിൽ എത്തി സ്വീകരിച്ചു. ബിജെപി ജില്ലാ സെക്രട്ടറി വിനൂബ് വിശ്വം,  പി ആർ സുഭാഷ്, മഞ്ജു മഹേഷ്‌, സജി, ബിഡിജെഎസ് നിയോജക മണ്ഡലം പ്രസിഡന്റ്‌ ശങ്കർ ദാസ് എന്നിവർ ഒപ്പമുണ്ടായിരിന്നു.