തിരുവനന്തപുരം: യുക്രെയിനിൽനിന്ന് ഓപ്പറേഷൻ ഗംഗ രക്ഷാദൗത്യത്തിൻറെ ഭാഗമായി ഡൽഹി, മുംബൈ വിമാനത്താവളങ്ങളിലെത്തി 486 മലയാളികളെക്കൂടി സംസ്ഥാന സർക്കാരിൻറെ നേതൃത്വത്തിൽ ഇന്നലെ കേരളത്തിൽ എത്തിച്ചു. ഇതോടെ യുക്രെയിനിന്നെത്തിയവരിൽ സംസ്ഥാന സർക്കാരിൻറെ നേതൃത്വത്തിൽ കേരളത്തിലേക്ക് എത്തിച്ചവരുടെ ആകെ എണ്ണം 2082 ആയി.
ഇന്നലെ ഡൽഹി വിമാനത്താവളത്തിൽനിന്ന് 354 പേരെയും മുംബൈയിൽനിന്ന് 132 പേരെയുമാണു കേരളത്തിലേക്ക് എത്തിച്ചത്. ഡൽഹിയിൽനിന്നു മലയാളി വിദ്യാർഥികൾ അടക്കമുള്ളവരെ കേരളത്തിലേക്കെത്തിക്കാൻ കൊച്ചിയിലേക്കു പ്രത്യേക ചാർട്ടേഡ് വിമാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഇന്നലെ പുലർച്ചെ നാലിനു കൊച്ചിയിലെത്തിയ വിമാനത്തിൽ 174 പേരും വൈകിട്ട് 6.45ന് എത്തിയ വിമാനത്തിൽ 180 പേരും ഉണ്ടായിരുന്നു.
മുംബൈയിലെത്തിയ 132 പേരിൽ 22 പേരെ കോഴിക്കോട് വിമാനത്താവളത്തിലും 21 പേരെ കണ്ണൂരിലും 89 പേരെ കൊച്ചിയിലും എത്തിച്ചു. ഇന്നു രാത്രിയും ഡൽഹിയിൽനിന്നു ചാർട്ടേഡ് വിമാനങ്ങൾ കൊച്ചിയിൽ എത്തുന്നുണ്ട്. കൊച്ചിയിൽ എത്തുന്നവരെ സ്വദേശങ്ങളിൽ എത്തിക്കാൻ വിമാനത്താവളത്തിൽനിന്നു നോർക്ക റൂട്‌സിൻറെ നേതൃത്വത്തിൽ പ്രത്യേക ബസുകൾ ഏർപ്പെടുത്തിയിട്ടുണ്ട്.
യാത്രക്കാരെ സഹായിക്കുന്നതിനു വനിതകൾ അടക്കമുള്ള ജീവനക്കാരെയും നിയോഗിച്ചിട്ടുണ്ട്. യാത്രക്കാരുടെ സഹായത്തിന് ആറോഗ്യ വകുപ്പിൻറെ പ്രത്യേക ഹെൽപ്പ് ഡെസ്‌കും വിമാനത്താവളങ്ങളിൽ പ്രവർത്തിക്കുന്നു.