ചങ്ങനാശ്ശേരി: ചങ്ങനാശേരിയിൽ നിയന്ത്രണം വിട്ടകാർ സ്‌കൂട്ടറുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സ്‌കൂട്ടർ യാത്രികരായ ദമ്പതികൾക്ക് ദാരുണാന്ത്യം. എം.സി റോഡിൽ ചങ്ങനാശേരി തുരുത്തി പുന്നമൂട് ജംഗ്ഷനിൽ ഇന്ന് ഉച്ചക്ക് 3 മണിയോടെയാണ് അപകടം ഉണ്ടായത്. സ്‌കൂട്ടർ യാത്രികരായ കുറിച്ചി പുത്തൻപാലം സചിവോത്തമപുരം വഞ്ഞിപ്പുഴയിൽ സൈജു(43) ഭാര്യ വിബി (40) എന്നിവരാണ് മരിച്ചത്.
ചങ്ങനാശേരി ഭാഗത്തു നിന്നും അമിത വേഗത്തിൽ എത്തിയ കാർ നിയന്ത്രണം നഷ്ടമായതിനെ തുടർന്ന് കോട്ടയം ഭാഗത്തു നിന്നും എതിർദിശയിൽ എത്തിയ സ്‌കൂട്ടർ യാത്രികരെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഇരവിപേരൂരിൽ ബന്ധുവിന്റെ സംസ്കാര ചടങ്ങുകൾക്കായി പോകുന്നതിനിടെയാണ് വാഹനാപകടത്തിന്റെ രൂപത്തിൽ ദമ്പതികളെ മരണം കവർന്നെടുത്തത്. അപകടത്തിൽ സ്‌കൂട്ടറിലിടിച്ച ശേഷം കാർ സ്‌കൂട്ടറുമായി നിരങ്ങി സമീപത്തെ കടയിൽ ഇടിച്ചു കയറിയാണ് നിന്നത്.
ദമ്പതികൾ കാറിനും കടയുടെ ഭിത്തിക്കുമിടയിൽ കുടുങ്ങിക്കിടക്കുകയായിരുന്നു. അപകടത്തിൽ സ്‌കൂട്ടർ യാത്രികരായ ഇരുവർക്കും ഗുരുതരമായി പരിക്കേറ്റു. ഇരുവരെയും അപകടം കണ്ടു ഓടിക്കൂടിയ നാട്ടുകാർ ഇരുവരെയും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹങ്ങൾ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അപകടത്തിൽ സ്‌കൂട്ടർ പൂർണ്ണമായും തകർന്നു. ചങ്ങനാശേരി, ചിങ്ങവനം പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.