പാലാ: രണ്ടാം വാർഷിക നിറവിൽ നിൽക്കുന്ന പാലാ മാർ സ്ലീവാ മെഡിസിറ്റിയിൽ ഒരേ ദിവസം രണ്ട് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ വിജയകരമായി പൂർത്തിയാക്കി. അഭിമാനാർഹമായ ഈ നേട്ടം കൈവരിച്ചതിലൂടെ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് മിതമായ നിരക്കിൽ രോഗികൾക്ക് ചികിത്സ ലഭ്യമാക്കുവാൻ പാലാ മാർ സ്ലീവാ മെഡിസിറ്റിയിൽ സാധിക്കും.
കോട്ടയം, ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം എന്നിവിടങ്ങളിൽ നിന്നുള്ള വൃക്ക രോഗികൾക്ക് ഇത് ഗുണകരമായിരിക്കും. ഒരേ ദിവസം രണ്ട് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയാണ് മാർ സ്ലീവാ മെഡിസിറ്റി പാലായിൽ പൂർത്തിയായത്. ഇവർ രണ്ട് പേരും മൂന്ന് വർഷത്തിലധികമായി വൃക്ക സംബന്ധമായ രോഗങ്ങൾക്ക് ചികിത്സ തേടിയിരുന്നവരും ആഴ്ചയിൽ മൂന്ന് തവണ ഡയാലിസിസ് ചെയ്യേണ്ടി വന്നിരുന്നവരുമായിരുന്നു. രോഗികളായ 49 കാരന്റെയും 36 കാരിയുടെയും വൃക്കയുടെ പ്രവർത്തനം പൂർണ്ണമായും നിലച്ചത് മൂലമാണ് രണ്ട് രോഗികൾക്കും വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വേണ്ടി വന്നത്. ദാതാക്കളായി സ്വന്തം വൃക്ക പകുത്തു നൽകുവാൻ ഒരാൾക്ക് സ്വന്തം ഭർത്താവും മറ്റൊരാൾക്ക് സ്വന്തം സഹോദരനും മുൻപോട്ട് വന്നു.
യൂറോളജി വിഭാഗം സീനിയർ കൺസൽട്ടൻറ് ഡോ. വിജയ് രാധാകൃഷ്ണൻ, നെഫ്രോളജി വിഭാഗം സീനിയർ കൺസൽട്ടൻറ് ഡോ. മഞ്ജുള രാമചന്ദ്രൻ, അനസ്തേഷ്യ വിഭാഗം കൺസൽട്ടൻറ് ഡോ ജെയിംസ് സിറിയക് എന്നിവരുടെ നേതൃത്വത്തിൽ നടന്ന ശസ്ത്രക്രിയയിൽ ഡോ. ആൽവിൻ ജോസ് പി, ഡോ. തോമസ് മാത്യു, ഡോ. എബി ജോൺ, ഡോ. അജയ് പിള്ള, ഡോ ബേസിൽ പോൾ, ഡോ. ലിബി ജി പാപ്പച്ചൻ, ഡോ. ശിവാനി ബക്ഷി എന്നിവരും പങ്കാളികളായിരുന്നു. ഒരു സമ്പൂർണ്ണ ട്രാൻസ്പ്ലാന്റ് സെന്റർ എന്ന രീതിയിലാണ് മാർ സ്ലീവാ മെഡിസിറ്റി പാലായുടെ പ്രവർത്തനമെന്നും ഉടനെ തന്നെ കഡാവറിക് വൃക്ക മാറ്റിവയ്ക്കൽ ആരംഭിക്കുന്നതിനുള്ള പ്രക്രിയകൾ തുടങ്ങിയതായും ആശുപത്രി മാനേജിങ് ഡയറക്ടർ മോൺ. ഡോ. ജോസഫ് കണിയോടിക്കൽ പറഞ്ഞു.
കഡാവറിക് വൃക്ക മാറ്റിവയ്ക്കൽ ആരംഭിക്കുന്നതോടുകൂടി വൃക്ക മാറ്റിവയ്ക്കലിനായി കാത്തിരിക്കുന്നവർക്ക് വളരെ വേഗത്തിൽ അതിനുള്ള അവസരം ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയിൽ വൃക്ക സ്വീകരിക്കുന്ന വ്യക്തിയെപ്പോലെ തന്നെ വൃക്ക ദാനം ചെയ്യുന്ന വ്യക്തികൾക്കും തുല്യ പ്രാധാന്യമാണുള്ളത്. വൃക്ക ദാതാക്കൾക്ക് താക്കോൽ ദ്വാര ശസ്ത്രക്രിയയിലൂടെ വലിയ മുറിവുകളോ മുറിപ്പാടുകളോ ഇല്ലാതെ ശസ്ത്രക്രിയ ചെയ്യുവാനും മൂന്നാമത്തെ ദിവസം തന്നെ അവർക്ക് ആശുപത്രി വിടുവാൻ സാധിച്ചുവെന്നും യൂറോളജി സീനിയർ കൺസൾറ്റൻറ് ഡോ. വിജയ് രാധാകൃഷ്ണൻ പറഞ്ഞു.
ജീവിതശൈലി രോഗങ്ങൾ മൂലം ഡയാലിസിസ് രോഗികളുടെ എണ്ണം കൂടുന്നതിനാൽ കോട്ടയം, ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം തുടങ്ങി കേരളത്തിലുടനീളമുള്ള വൃക്ക രോഗികൾക്കായി വളരെ കുറഞ്ഞ ചിലവിലാണ് ട്രാൻസ്പ്ലാന്റേഷൻ സൗകര്യം മാർ സ്ലീവാ മെഡിസിറ്റി പാലായിൽ ഒരുക്കിയിരിക്കുന്നതെന്ന് നെഫ്രോളജി സീനിയർ കൺസൾറ്റൻറ് ഡോ. മഞ്ജുള രാമചന്ദ്രൻ അഭിപ്രായപ്പെട്ടു. അതോടൊപ്പം തന്നെ വൃക്ക സ്വീകർത്താക്കൾ ശസ്ത്രക്രിയയ്ക്ക് ശേഷം പത്താം ദിവസം ആശുപത്രി വിട്ടു എന്നും ഡോ. മഞ്ജുള രാമചന്ദ്രൻ പറഞ്ഞു. കേരളത്തിൽ ഇരുപത്തിയയ്യായിരത്തോളമാളുകളാണ് വൃക്കരോഗം ബാധിച്ച് ഡയാലിസിസ് നടത്തുന്നത്. ഇതിൽ ഭൂരിഭാഗം ആളുകൾക്കും ആഴ്ചയിൽ മൂന്ന് അല്ലെങ്കിൽ നാല് ഡയാലിസിസ് വേണ്ടിവരും. ഇത്തരം ആളുകൾക്ക് വൃക്ക മാറ്റിവയ്ക്കൽ ആണ് ഏക പരിഹാര മാർഗം. അനിയന്ത്രിതമായ രക്തസമ്മർദ്ദവും പ്രമേഹവും വൃക്കയുടെ പ്രവർത്തനത്തെ ബാധിക്കുന്ന ഘടകങ്ങളാണ്.