പ്രളയം: ശാശ്വത പരിഹാരത്തിന് കൂടുതല്‍ പദ്ധതികള്‍ ആവിഷ്‌കരിക്കും; തിരുവാര്‍പ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്.


തിരുവാർപ്പ്: കോട്ടയം ജില്ലയില്‍ എല്ലാ വര്‍ഷവും മണ്‍സൂണ്‍ ആരംഭ സമയം മുതല്‍ വെള്ളപ്പൊക്കഭീഷണി നേരിടുന്ന തിരുവാര്‍പ്പ് ഗ്രാമപഞ്ചായത്ത്. പ്രളയസാധ്യതകളെ ഫലപ്രദമായി നേരിടുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കുകയാണ്. 15 ലക്ഷം രൂപയുടെ പദ്ധതികളാണ് ഇപ്പോള്‍ നടപ്പിലാക്കുന്നത്.

പഴുക്കാനില കായല്‍ ശുചീകരണം എന്ന വലിയ ലക്ഷ്യം കൂടി പൂര്‍ത്തീകരിച്ച് കഴിയുമ്പോള്‍ പ്രളയത്തിന് ശാശ്വത പരിഹാരമാകും.  സാധാരണക്കാരന് വരുമാനം ഉറപ്പാക്കുക, ഉറവിട മാലിന്യ സംസ്‌ക്കരണത്തിലൂടെ ഓരോ വീടിന്റെയും നാടിന്റെയും ശുചിത്വം ഉറപ്പാക്കുക, ആരോഗ്യ മേഖലയില്‍ കൈതാങ്ങാവുക എന്നിവയാണ് ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ പ്രധാന ലക്ഷ്യങ്ങള്‍. ഭരണം ഏറ്റെടുത്ത് ഒരു വര്‍ഷം പിന്നിടുമ്പോള്‍ ഗ്രാമപഞ്ചായത്തിന്റെ പ്രവര്‍ത്തനങ്ങള്‍ പ്രസിഡന്റ് അജയന്‍ കെ.മേനോന്‍ വിലയിരുത്തുന്നു.

1000 കുടുംബങ്ങള്‍ക്ക് 100 തൊഴില്‍ ദിനങ്ങള്‍ പൂര്‍ത്തിയാക്കുക പ്രധാന ലക്ഷ്യം.

സാധാരണക്കാരായ ജനങ്ങള്‍ ഏറെയുള്ള സ്ഥലമാണ് തിരുവാര്‍പ്പ്. ഇവര്‍ക്ക് ഉപകാരപ്പെടുന്ന രീതിയില്‍  തൊഴിലുറപ്പ് പദ്ധതി മുന്‍പുള്ളതിനേക്കാള്‍ കൂടുതല്‍ കാര്യക്ഷമമാക്കി മാറ്റിയതിലൂടെ കോവിഡ് മഹാമാരി സൃഷ്ടിച്ച വലിയ ഒരു സാമ്പത്തിക തകര്‍ച്ചയെ മറികടക്കാന്‍  സാധിച്ചു.  തൊഴിലുറപ്പ് മേഖലയില്‍ പരമാവധി തൊഴില്‍ ദിനങ്ങള്‍ നല്‍കിക്കൊണ്ട് സാമ്പത്തിക പ്രതിസന്ധി നേരിടാൻ  കഴിഞ്ഞത്  വലിയ ഒരു നേട്ടമാണ്. ഈ സാമ്പത്തിക വര്‍ഷം അവസാനിക്കുമ്പോള്‍ 1000 കുടുംബങ്ങള്‍ക്ക് 100 തൊഴില്‍ ദിനങ്ങള്‍ പൂര്‍ത്തിയാക്കുക എന്നൊരു വലിയ ലക്ഷ്യമാണ്  കൈവരിക്കാന്‍ പോകുന്നത്.

കോവിഡിനെ പിടിച്ച് കെട്ടിയത് കൂട്ടായ പ്രവര്‍ത്തനം.

കോവിഡ് വ്യാപനത്തിൻ്റെ ആദ്യഘട്ടത്തില്‍ കോവിഡ് ബാധിതരുടെ എണ്ണത്തിൽ മുന്നിലായിരുന്നു തിരുവാര്‍പ്പ്. കേരളത്തിലെ മുഴുവന്‍ ജനങ്ങളുടെയും ശ്രദ്ധ തിരുവാര്‍പ്പിലേക്ക് എത്തി. എന്നാല്‍ കൂട്ടായ പരിശ്രമത്തിലൂടെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കോട്ടയം ജില്ലയില്‍ തന്നെ മികച്ച പ്രവര്‍ത്തനം കാഴ്ച വെക്കാന്‍ പിന്നീട് തിരുവാര്‍പ്പ് പഞ്ചായത്തിന് കഴിഞ്ഞു. പ്രത്യേകമായി തയ്യാറാക്കിയ ആക്ഷന്‍ പ്ലാൻ ഉപയോഗിച്ചാണ് പ്രതിരോധം ശക്തമാക്കിയത്.

പഞ്ചായത്തംഗങ്ങള്‍,വളണ്ടിയർമാർ, കുടുംബശ്രീ- ആശാ പ്രവര്‍ത്തകര്‍ എന്നിവരുടെ കൂട്ടായ ശ്രമം വിജയത്തിലെത്തിച്ചു. കോവിഡ് രണ്ടാം തരംഗത്തിൻ്റെ  തുടക്കത്തിൽ തന്നെ പ്രവര്‍ത്തനം ആരംഭിച്ച ഡി സി സി യുടെ പ്രവര്‍ത്തനം ഡി സി സി പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാമെന്ന സർക്കാർ  നിര്‍ദ്ദേശം ലഭിക്കുന്നത് വരെ തുടര്‍ന്നു. 

രണ്ടാം തരംഗം നേരിടാന്‍ ജില്ലയില്‍ ആദ്യം ഓക്‌സിജന്‍ പാര്‍ലര്‍  നിര്‍മ്മിച്ച പഞ്ചായത്തുകളില്‍ ഒന്നാണ് തിരുവാർപ്പ്.

ആരോഗ്യ മേഖലക്കായി നടപ്പാക്കിയ പ്രത്യേക പദ്ധതിയായിരുന്നു ഓക്സിജന്‍ പാര്‍ലറിന്റെ രൂപീകരണം. രണ്ടാം തരംഗത്തില്‍ കോവിഡ് ബാധിതരായ പലരുടെയും  പ്രശ്‌നം ഓക്‌സിജന്‍ കുറഞ്ഞുപോകുന്നതായിരുന്നു. ഇതിനൊരു പരിഹാരമായി കോട്ടയം ജില്ലയില്‍ ആദ്യമായി തന്നെ പാര്‍ലര്‍ നിര്‍മ്മിച്ചു.

ക്വാറന്റിനില്‍ കഴിയുന്ന ആളുകളുടെ മാനസിക സംഘര്‍ഷങ്ങള്‍ ലഘൂകരിക്കാന്‍ ഏഴുപേര്‍ അടങ്ങുന്ന ഒരു കൗണ്‍സലിംഗ് ടീമിനെ  സജ്ജമാക്കി. ഓണ്‍ലൈനായും ഫോണ്‍ കോളിലൂടെയും ക്വാറന്റയിനില്‍ കഴിയുന്നവരുടെ മാനസിക പിരിമുറുക്കം കുറയ്ക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു.  കോവിഡ് രോഗികള്‍ക്ക് ആവശ്യമായ മരുന്നുകള്‍ എത്തിച്ചു നൽകാനും, 24 മണിക്കൂറും ആംബുലന്‍സ് സേവനം ലഭ്യമാക്കാനും സാധിച്ചു. 

2022 നകം എല്ലാ വീടുകളിലും കമ്പോസ്റ്റ് പിറ്റ്. 

മാലിന്യ സംസ്‌കരണത്തിനായി മികച്ച ഇടപെടലുകളാണ് ഈ ഭരണസമിതി അധികാരത്തില്‍ വന്നതിനു ശേഷം നടത്തിയത്. ഹരിത കര്‍മ്മസേനയുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തി.

കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഇരട്ടി വരുമാനം നേടുന്ന സ്ഥിതിയിലേക്കെത്തിച്ചു. ഈ വര്‍ഷം 20 ലക്ഷം രൂപ മുടക്കി പുതിയ എം സി എഫ് നിര്‍മ്മിക്കാനുള്ള നീക്കത്തിലാണ്. ജൈവ മാലിന്യ സംസ്‌കരണത്തിനായി തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി എല്ലാ വീടുകളിലും കമ്പോസ്റ്റ് പിറ്റ് നിര്‍മ്മിക്കാന്‍ പ്രത്യേക പദ്ധതി നടപ്പാക്കി. ഈ വര്‍ഷം 150 വീടുകളില്‍ കമ്പോസ്റ്റ് പിറ്റിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കി.അടുത്ത വര്‍ഷത്തോടെ  എല്ലാ വീടുകളിലും പിറ്റ് നിര്‍മ്മാണം പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. 

കുരുന്നുകള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യമൊരുക്കി.

വിദ്യാഭ്യാസ മേഖലയില്‍ കാര്യമായ പ്രവര്‍ത്തനം നടത്താന്‍ കഴിഞ്ഞ വര്‍ഷം സാധിച്ചില്ല. എങ്കിലും ഓണ്‍ലൈന്‍ പഠന സൗകര്യം ഇല്ലാത്ത കുട്ടികള്‍ക്ക് പൊതുജനങ്ങളുടെയും പല സംഘടനകളുടെയും സഹകരണത്തോടെ  ലാപ്‌ടോപ്പ്, സ്മാര്‍ട്ട് ഫോണുകള്‍ തുടങ്ങിയ  പഠന സാമഗ്രികള്‍ വിതരണം ചെയ്യാന്‍ സാധിച്ചിട്ടുണ്ട്.

തരിശു രഹിത പഞ്ചായത്ത്  ലക്ഷ്യത്തിനടുത്ത്.

വയലുകളിൽ സാധ്യമാകുന്നിടത്തെല്ലാം കൃഷിയിറക്കി. നെൽകൃഷി ചെയ്യുന്നതിന് പ്രോത്സാഹനവുമായി കർഷകർക്കൊപ്പം തന്നെയുണ്ട് കാർഷീക കലണ്ടർ പ്രകാരം കൃത്യമായ പ്രവർത്തനങ്ങളാണ് നടത്തുന്നത് .  തരിശുനിലമില്ലാത്ത  പഞ്ചായത്ത് എന്ന നേട്ടം സ്വന്തമാക്കാന്‍ വേണ്ട പ്രവര്‍ത്തനങ്ങള്‍ കാര്‍ഷിക മേഖലയില്‍ കാഴ്ചവെക്കാൻ സാധിച്ചു.

പ്രളയത്തിന് ശാശ്വത പരിഹാരം ഉറപ്പാക്കും.

കോവിഡ് മഹാമാരിയുടെ ഘട്ടത്തില്‍ തന്നെ വന്ന മറ്റൊരു പ്രതിസന്ധി ആയിരുന്നു പ്രളയം. 2020 ലെയും 21 ലേയും പ്രളയം തിരുവാര്‍പ്പ് പഞ്ചായത്തിനെ ബാധിച്ചിരുന്നു. തിരുവാര്‍പ്പിന്റെ ഭൂമിശാസ്ത്ര പരമായ ഒരു പ്രത്യേക അനുസരിച്ച് ചെറിയ മഴയില്‍ തന്നെ ഏതാണ്ട് 90 ശതമാനം പ്രദേശങ്ങളും വെള്ളത്തിലാകും. കോവിഡിന് ഒപ്പം തന്നെ പ്രളയവും വന്നതോടെ പഞ്ചായത്തിന് വിവിധങ്ങളായ ക്യാമ്പുകള്‍ ആരംഭിക്കേണ്ടി വന്നു.  രോഗ ബാധിതര്‍ക്കായും, രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ക്ക് വേണ്ടിയും വെവ്വേറെ ക്യാമ്പുകള്‍ ആരംഭിച്ചു. തോടുകളുടെ ആഴം കുറഞ്ഞതും തോടുകള്‍ പലതും മാലിന്യം അടിഞ്ഞ് നികന്ന് പോയതുമാണ് തിരുവാര്‍പ്പില്‍ പ്രളയം രൂക്ഷമാകാന്‍ കാരണം. അതിനാല്‍ പ്രളയത്തെ നേരിടുന്നതിനായി 15 ലക്ഷം രൂപ മുടക്കി തോടുകള്‍ ആഴം കൂട്ടുന്ന പദ്ധതി പഞ്ചായത്ത് നടപ്പിലാക്കി വരികയാണ്. പദ്ധതി പൂര്‍ത്തിയാകുന്നതോടെ ഒരു പരിധി വരെ പ്രളയത്തിനുള്ള പരിഹാരമാകുമെന്നാണ് പ്രതീക്ഷ

മലരിക്കല്‍ ടൂറിസം വികസനത്തിന്റെ പുതിയ വഴികള്‍ തുറക്കും.

പ്രാദേശിക ടൂറിസം വികസനത്തില്‍ പ്രധാനമാണ് ലോകശ്രദ്ധ ആകര്‍ഷിച്ച തിരുവാര്‍പ്പിലെ മലരിക്കല്‍ ആമ്പല്‍ ടൂറിസം പദ്ധതി. എന്നാല്‍ കോവിഡ് പ്രതിസന്ധി മൂലം ഇത് കാര്യമായി മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയാതെ വന്നു. മലരിക്കല്‍ ടൂറിസം പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്ന ഘട്ടത്തിലാണ് കോവിഡിന്റെ മൂന്നാം തരംഗം രൂക്ഷമായത്.  അടുത്ത വര്‍ഷം മുതല്‍ ആഗസ്റ്റ്  മുതല്‍ ഒക്ടോബര്‍  വരെ മലരിക്കല്‍ ആമ്പല്‍ വസന്തത്തിലേക്ക് കൂടുതല്‍ ആളുകള്‍ക്ക് ആകര്‍ഷിക്കുന്നതിനുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി പ്രത്യേക പദ്ധതി പുതിയ ബജറ്റില്‍ ഉള്‍ക്കൊള്ളിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.  മീനച്ചിലാറിന്റെ കൈവഴികളിലൂടെയും മറ്റ് പല ഉള്‍ത്തോടുകളിലൂടെയും  സഞ്ചാരികള്‍ക്ക് കടന്ന് പോകാനും ഗ്രാമത്തിന്റെ ഉള്‍പ്രദേശങ്ങള്‍ കാണാനും കഴിയുന്ന ഒരു പദ്ധതിയും അതോടൊപ്പം തന്നെ നാട്ടിലെ തനതായിട്ടുള്ള മീന്‍ പിടുത്തം, തെങ്ങ് കയറ്റം എന്നിവ ആസ്വദിക്കുന്നതിനും നാടന്‍ ഭക്ഷണം കൊടുക്കാനും കഴിയുന്ന പദ്ധതി നടപ്പാക്കാനും ആലോചനയുണ്ട്. 

പഴുക്കാനില കായല്‍ ശുചീകരണം, സ്വപ്നവും പ്രതീക്ഷയും.

108 കോടിരൂപ മുതല്‍ മുടക്കില്‍ കിഫ്ബിയുടെ സഹായത്തോടെ നടപ്പാക്കാന്‍ പോകുന്ന പഴുക്കാനില കായല്‍ ശുചീകരണം പഞ്ചായത്തിന്റെ സ്വപ്ന പദ്ധതിയാണ്. തിരുവാർപ്പിൻ്റെ  മുഖച്ഛായ മാറ്റാന്‍ പോകുന്ന ഒരു സ്വപ്‌ന പദ്ധതിയാണ്. മുഖ്യമന്ത്രി പ്രഖ്യാപിച്ച 100 ദിന കര്‍മ്മ പദ്ധതിയില്‍ ഈ പദ്ധതി ഉള്‍പ്പെട്ടിട്ടുണ്ട്. പഴുക്കാനില കായല്‍ നിലവില്‍ ചേറും മാലിന്യങ്ങളും മൂലം നികന്ന് കിടക്കുകയാണ്. ആ മണ്ണ് മുഴുവന്‍ എടുത്ത് ജെ ബ്ലോക്ക്, എഫ് ബ്ലോക്ക്, തിരുവയ്ക്കരി എന്നീ  മൂന്ന് പാടശേഖരങ്ങള്‍ക്ക് ചുറ്റും എട്ട് മീറ്റര്‍ വീതിയില്‍ പുറം  ബണ്ട് തീർക്കും. അതോടെ ടൂറിസം മേഖലയും കാര്‍ഷിക മേഖലയിലെ യാത്ര സൗകര്യങ്ങളും മെച്ചപ്പെടും. ജലത്തിന്റെ ഒഴുക്ക് സുഗമമാകുന്നതോടെ പ്രളയത്തെ ചെറുക്കാനും പദ്ധതി ഗുണം ചെയ്യും. അതിനുള്ള പദ്ധതികള്‍ ഘട്ടം ഘട്ടമായി നടപ്പാക്കി വരികയാണ്.