സംസ്ഥാന വനിതാരത്ന പുരസ്‌കാരം: പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് ജീവിത വിജയം നേടിയ വനിതയ്ക്കുള്ള പുരസ്‌കാരം ഡോ.വൈക്കം വിജയലക്ഷ്മിക്ക്.


തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ 2021ലെ വനിതാരത്ന പുരസ്‌കാരങ്ങൾ ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ് പ്രഖ്യാപിച്ചു. പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് ജീവിത വിജയം നേടിയ വനിതയ്ക്കുള്ള പുരസ്‌കാരം ഡോ.വൈക്കം വിജയലക്ഷ്മി അർഹയായി.

 

മാർച്ച് 8 വൈകുന്നേരം 5 മണിക്ക് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര വനിതാദിനാഘോഷം സംസ്ഥാനതല ഉദ്ഘാടനത്തോടനുബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്‌കാരങ്ങൾ വിതരണം ചെയ്യും. ഒരു ലക്ഷം രൂപയും ശിൽപവും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് വിജയം നേടിയ ശ്രദ്ധേയയായ പിന്നണി ഗായികയാണ് വൈക്കം വിജയലക്ഷ്മി.

 

ജന്മനാ കാഴ്ചപരിമിതിയുള്ള വിജയ ലക്ഷ്മി കുട്ടിക്കാലം മുതൽ തന്നെ സംഗീതത്തിൽ പ്രത്യേക താത്പര്യം കാണിച്ചിരുന്നു. സംസ്ഥാന സ്‌കൂൾ യുവജനോത്സവത്തിൽ ശാസ്ത്രീയ സംഗീതത്തിന് ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരുന്നു. ശാസ്ത്രീയ സംഗീതജ്ഞ, ചലച്ചിത്ര ഗായിക, ഗായത്രീവീണ വായനക്കാരി എന്നീ നിലകളിലും പ്രശസ്തയാണ് വൈക്കം വിജയലക്ഷ്മി.

ഇതോടൊപ്പം സാമൂഹ്യ സേവനത്തിനുള്ള വനിതാ രത്ന പുരസ്‌കാരം തിരുവനന്തപുരം പരുത്തിപ്പാറ ശ്രീനഗർ ശാന്താ ജോസ്, സ്ത്രീകളുടേയും കുട്ടികളുടേയും ശാക്തീകരണം പ്രജ്വല ഡോ. സുനിതാ കൃഷ്ണൻ, വിദ്യാഭ്യാസ മേഖലയിലും ശാസ്ത്ര സാങ്കേതിക മേഖലയിലും വ്യക്തിമുദ്ര പതിപ്പിച്ച വനിത കണ്ണൂർ തളിപ്പറമ്പ് തൃച്ചമ്പലം ഡോ. യു.പി.വി. സുധ എന്നിവരും സംസ്ഥാന സർക്കാരിന്റെ 2021ലെ വനിതാരത്ന പുരസ്‌കാരങ്ങൾക്ക് അർഹരായി.