പാമ്പാടിയിൽ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടർ യാത്രികന് ദാരുണാന്ത്യം, അപകടത്തെ തുടർന്ന് നിർത്താതെ പോയ കാർ പോലീസ് പിന്തുടർന്ന് പിടികൂടി.


പാമ്പാടി: പാമ്പാടിയിൽ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടർ യാത്രികന് ദാരുണാന്ത്യം. പാമ്പാടി ഇലകൊടിഞ്ഞി സ്വദേശിയായ രാജപ്പൻ ആണ് മരിച്ചത്. പാമ്പാടി ആലാംപള്ളിലാണ് അപകടം ഉണ്ടായത്.

അപകടത്തിൽ സ്‌കൂട്ടറിൽ നിന്നും റോഡിലേക്ക് തെറിച്ചു വീണതിനെ തുടർന്ന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. അപകടം കണ്ടു ഓടിയെത്തിയ നാട്ടുകാർ ചേർന്ന് ആദ്യം പാമ്പാടി താലൂക്ക് ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സംഭവം നാട്ടുകാർ പാമ്പാടി പോലീസിൽ അറിയിക്കുകയായിരുന്നു. അപകടത്തത്തെ തുടർന്ന് നിർത്താതെ പോയ കാർ പോലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു. പൊൻകുന്നം ഭാഗത്തേക്ക് പോകുകയായിരുന്ന കാറാണ് സ്‌കൂട്ടരുമായി കൂട്ടിയിടിച്ചത്.

കാറും ഡ്രൈവറെയും പോലീസ് കസ്റ്റഡിയിലെടുത്തു. മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.