കോട്ടയം: അനശ്ചിതകാല സ്വകാര്യ ബസ്സ് സമരം നാലാം ദിവസത്തിലേക്ക് കടന്നതോടെ യാത്രാദുരിതം കൂടുതൽ രൂക്ഷമായിരിക്കുകയാണ്. വരുന്ന രണ്ടു ദിവസം പൊതുപണിമുടക്കായിരിക്കുന്നതിനാൽ അവശ്യ വസ്തുക്കൾ വാങ്ങുന്നതിനും മറ്റു ആവശ്യങ്ങൾക്കുമായി പൊതുജനങ്ങൾ ഇന്ന് കൂടുതലായി പുറത്തിറങ്ങുന്നതിനിടെ സ്വകാര്യ ബസ്സ് സമരം യാത്രക്കാരെ കൂടുതൽ ദുരിതത്തിലാക്കുമെന്നതിൽ സംശയമില്ല.
സംസ്ഥാനത്തെ സ്വകാര്യ ബസ്സ് ഉടമകളുടെ സംഘടനാ ആഹ്വാനം ചെയ്‍ത അനശ്ചിതകാല ബസ്സ് സമരത്തിൽ നിലപാടുകളിലുറച്ച് തന്നെ നിൽക്കുകയാണ് ബസ്സ് ഉടമകളും സർക്കാരും. നിരക്ക് വർധിപ്പിക്കാതെ സമരം നിർത്തില്ല എന്ന നിലപാടിലാണ് ബസ്സ് ഉടമകൾ. സമരം നാലാം ദിവസത്തിലേക്ക് കടന്നിട്ടും ഇതുവരെ സർക്കാർ ചർച്ചയ്ക്ക് വിളിച്ചിട്ടില്ല എന്ന് ബസ്സ് ഉടമകൾ പറയുന്നു. എന്നാൽ സർക്കാരിന് പിടിവാശിയില്ലെന്നും ചർച്ചയ്ക്കായി ഇങ്ങിട്ട വന്നാൽ അനുഭാവപൂർവ്വം പരിഗണിക്കാമെന്നും ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. ജനങ്ങളെ മുൾമുനയിൽ നിർത്തി ആവശ്യങ്ങൾ സാധിക്കാമെന്ന ധാരണ വേണ്ട എന്നും മന്ത്രി പറഞ്ഞു.
വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു 24 നു ആരംഭിച്ച സ്വകാര്യ ബസ്സ് സമരം നാലാം ദിവസമായ ഇന്നും തുടരുകയാണ്. ഈ മാസം 30 നു നടക്കുന്ന എൽഡിഎഫ് യോഗത്തിനു ശേഷം മാത്രമായിരിക്കും ബസ്സ് ചാർജ് വര്ധനവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ അന്തിമ തീരുമാനം ഉണ്ടാകുക എന്ന് ഗതാഗത മന്ത്രി ആന്റണി രാജു കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മിനിമം ചാർജ് 12 രൂപയാക്കുക, വിദ്യാർഥികളുടെ യാത്രാ നിരക്ക് മിനിമം ചാർജിന്റെ പകുതിയാക്കി ഉയർത്തുക, കോവിഡ് കാലത്തെ ടാക്സ് ഒഴിവാക്കി നൽകുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണു സമരം.
കെ.എസ്.ആർ.ടി.സി അധിക സർവ്വീസുകൾ നടത്തുന്നുണ്ടെങ്കിലും മലയോര മേഖലകളിലേക്കും സ്വകാര്യ ബസ്സുകൾ കൂടുതലായി സർവ്വീസ് നടത്തിയിരുന്ന മേഖലകളിലും സർവ്വീസ് കുറവാണ്. സമരം നീണ്ടുപോകുന്നതോടെ ജനങ്ങൾ ദുരിതത്തിലായിരിക്കുകയാണ്. വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു നടത്തുന്ന സമരത്തിൽ ഇതുവരെ സർക്കാർ ചർച്ചയ്ക്ക് വിളിച്ചിട്ടില്ല എന്ന് ബസ്സ് ഉടമ സംയുക്ത സമരസമിതി ജനറൽ കൺവീനർ ടി എൻ ഗോപിനാഥൻ പറഞ്ഞു.