പാലാ: ഓപ്പറേഷൻ ഗംഗയുടെ ഭാഗമായി ഉക്രയിനിൽ എംബിബിഎസ്സ് വിദ്യാർത്ഥിനിയായിരുന്ന പാലാ പാറപ്പള്ളി സ്വദേശിനി ജോഫി പന്തംപള്ളിൽ മാതാപിതാക്കൾക്കരികെയെത്തി. ചൊവ്വാഴ്ചയാണ് ജോഫി പാലായിൽ എത്തിയത്. യുദ്ധമുഖത്തെ ആശങ്കകൾക്ക് വിരാമമിട്ട് മകൾ അരികെയെത്തിയ സന്തോഷത്തിലാണ് ജോഫിയുടെ മാതാപിതാക്കൾ.
പാറപ്പള്ളി പന്തംപ്പള്ളി അബ്രഹാം വർഗ്ഗീസിന്റെയും ജെസ്സി വർഗ്ഗീസ്സിന്റെയും മകളാണ് ജോഫി. യുദ്ധമുഖത്തെ ആശങ്കകൾ അറിയിച്ച് കുടുംബാംഗങ്ങൾ ബിജെപി ജില്ലാ പ്രസിഡന്റ് ലിജിൻ ലാലിനെ ബന്ധപ്പെടുകയും തുടർന്ന് വിവരം കേന്ദ്ര വിദേശകാര്യ മന്ത്രി വീ മുരളീധരന്റെയും ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്യുകയായിരുന്നു. വീഡിയോ കോൺഫറൺസ് വഴി വിദേശകാര്യ മന്ത്രി വീ മുരളീധരനുമായി ബന്ധപ്പെട്ടു വിഷയത്തിൽ അടിയന്തിര ഇടപെടൽ ആവശ്യപ്പെടുകയും ചെയ്തിരുന്നു.
ഓപ്പറേഷൻ ഗംഗയുടെ ഭാഗമായി ഉക്രയിനിൽ നിന്നും തിരികെയെത്തിയ ഇന്ത്യക്കാരുടെ വിമാനത്തിൽ എത്തിയ ജോഫി ഇന്നലെയാണ് പാലായിൽ എത്തിച്ചേർന്നത്. വീട്ടിലെത്തിയ ജോഫിയെ ബിജെപി പാലാ മണ്ഡലം പ്രസിഡന്റ് സുധീഷ് നെല്ലിക്കൻ, ഭരണങ്ങാനം മണ്ഡലം പ്രസിഡന്റ് സരീഷ് കുമാർ, മുത്തോലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രൺജിത്ത് ജി.മീനാഭവൻ, മീനച്ചിൽ പഞ്ചായത്ത് പ്രസിഡന്റ് സജീവ് പാറക്കടവിൽ, സെക്രട്ടറി സതീഷ് തുടങ്ങിയവർ സ്വീകരിച്ചു.