പൈക സാമൂഹിക ആരോഗ്യ കേന്ദ്രം തുറന്നു പ്രവർത്തിക്കാത്തതിൽ പ്രതിഷേധിച്ച് ജില്ലയിലെ മികച്ച കോവിഡ് പോരാളിയുടെ ഒറ്റയാൾ സമരം.


പൈക: പൈക സാമൂഹിക ആരോഗ്യ കേന്ദ്രം തുറന്നു പ്രവർത്തിക്കാത്തതിൽ പ്രതിഷേധിച്ച് ജില്ലയിലെ മികച്ച കോവിഡ് പോരാളിയുടെ ഒറ്റയാൾ സമരം.

20 കോടി മുടക്കി നിർമ്മിച്ച പൈക സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിടം ഉദ്ഘാടന മാമാങ്കം കഴിഞ്ഞ് മാസങ്ങൾ ആയിട്ടും തുറന്നു പ്രവർത്തിക്കാത്തതിൽ പ്രതിഷേധിച്ച് ആണ് സാമൂഹ്യ പ്രവർത്തകനായ ഉരുളികുന്നം സ്വദേശി രതീഷ് കുമാർ നക്ഷത്ര ഒറ്റയാൾ സമരം നടത്തിയത്. ആശുപത്രി കെട്ടിടത്തിന്റെ മുന്നിൽ ചികിത്സയ്ക്ക് ആയി എത്തിയ രോഗിയെന്ന നിലയിൽ പ്രതീകാത്മകമായി നിലത്ത് കിടന്നു കൊണ്ട് ആണ് സമരം നടത്തിയത്.

മുഖ്യമന്ത്രി ഉൾപ്പെടെ വിവിധ രാഷ്ട്രീയ കക്ഷികളുടെ പ്രതിനിധികൾ ഉദ്ഘാടനത്തിന് പങ്കെടുത്തതാണ്. എന്നാൽ നാളിത് വരെ ആയിട്ടും ആശുപത്രി പൊതു ജനങ്ങൾക്ക് തുറന്നു കൊടുക്കുവാൻ സാധിച്ചിട്ടില്ല. നാലു പഞ്ചായത്തുകളിലെ സാധാരണക്കാരായ ജനങ്ങൾക്ക് ഉപകാരപ്രദമായ ഈ ആശുപത്രിയിൽ ഡോക്ടറുടെ സേവനം 24 മണിക്കൂർ ലഭ്യമാക്കുക, കിടത്തി ചികിത്സ പുന:സ്ഥാപിക്കുക എന്നീ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് ആണ് രതീഷ് കുമാർ നക്ഷത്ര സൂചനാ സമരം നടത്തിയത്.

സാമൂഹിക ആരോഗ്യ കേന്ദ്രം തുറന്നു പ്രവർത്തിക്കുന്ന വിഷയത്തിൽ അധികൃതർ എത്രയും വേഗം ശ്രദ്ധ ചെലുത്തണം എന്നും അല്ലെങ്കിൽ കനത്ത സമരവും മുന്നോട്ട് പോകാൻ ആണ് തീരുമാനം എന്നും രതീഷ് കുമാർ നക്ഷത്ര പറഞ്ഞു.

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ കോട്ടയം ജില്ലയിലെ തന്നെ സജീവ പ്രവർത്തകനായിരുന്നു രതീഷ് കുമാർ നക്ഷത്ര. ജില്ലയിലെ മികച്ചകോ വിഡ് പോരാളി എന്ന നിലയിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ കഴിഞ്ഞിടെ രതീഷ് കുമാറിനെ ആദരിച്ചിരുന്നു.