പാലായിൽ വർക്ക് ഷോപ്പ് ഉടമകളും തൊഴിലാളികളും ഗർഭിണിയായ യുവതിയെയും ഭർത്താവിനെയും മർദ്ദിച്ച സംഭവം: സ്ഥാപനത്തിന്റെ ലൈസൻസ് പുതുക്കി നൽകില്ലെന്ന് നഗരസഭ.


പാലാ: പാലായിൽ വർക്ക് ഷോപ്പ് ഉടമകളും തൊഴിലാളികളും ചേർന്ന് ഗർഭിണിയായ യുവതിയെയും ഭർത്താവിനെയും ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ പാലാ ഞൊണ്ടിമാക്കൽ കവലയിൽപ്രവർത്തിക്കുന്ന സ്ഥാപനത്തിന്റെ ലൈസൻസ് പുതുക്കി നൽകേണ്ടതില്ലെന്ന് നഗരസഭാ തീരുമാനം.

 

സ്ഥാപനം പൂട്ടുന്നതിനും ഇനി മേലിൽ ഇവർക്ക് സ്ഥാപനം നടത്തുന്നതിനായി മുറികൾ വാടകയ്ക്ക് നൽകരുതെന്ന് കെട്ടിട ഉടമയോടും നഗരസഭ ആവശ്യപ്പെട്ടു. തൊടുപുഴയിലെ സ്വകാര്യ ആശുപത്രി ജീവനക്കാരനായ അഖിലും 6 മാസം ഗർഭിണിയുമായ ഭാര്യ ജിൻസിക്കുമാണ് മർദ്ധനമേറ്റത്. സംഭവത്തിൽ വർക്ക് ഷോപ്പ് ഉടമകളായ പൂവരണി പാറപ്പള്ളി കറുത്തേടത്ത് ശങ്കർ കെ എസ് (39), അമ്പാറ നിരപ്പേൽ പ്ലാത്തോട്ടത്തിൽ ജോൺസൺ(38), വർക്ക്ഷോപ്പിലെ തൊഴിലാളികളായ നരിയങ്ങാനം ചെമ്പൻപുരയിടത്തിൽ ആനന്ദ് (23), മേവട വെളിയത്ത് സുരേഷ്(55) എന്നിവരെയാണ് പാലാ എസ്എച്ച്ഒ കെ പി തോംസണിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തിരുന്നു. 




ദമ്പതികൾ ഞൊണ്ടിമാക്കൽ കവലയിലുള്ള വീട്ടിലേക്ക് വഴിയരികിലൂടെ നടന്നു വരുന്നതിനിടെ സമീപത്തെ വർക്ക്ഷോപ്പ് ഉടമകളും സുഹൃത്തുക്കളും കമൻറ് അടിക്കുകയും ലൈംഗികച്ചുവയോടെ സംസാരിക്കുകയും ചെയ്യുകയായിരുന്നു. ഇത് യുവതിയുടെ ഭർത്താവ് ചോദ്യം ചെയ്തതിനെ തുടർന്ന് ആണ് ആക്രമണം ഉണ്ടായത്. ഭർത്താവിനെ ഇവർ സംഘം ചേർന്ന് മർദ്ധിക്കുകയും ഇത് കണ്ടു തടയാനെത്തിയ ഗർഭിണിയായ യുവതിയുടെ വയറിൽ ചവിട്ടി പരിക്കേൽപ്പിക്കുകയുമായിരുന്നു. ഇതേതുടർന്ന് യുവതിക്ക് രക്തസ്രാവമുണ്ടാകുകയും ആദ്യം പാലാ ജനറൽ ആശുപത്രിയിലും പിന്നീട് വിദഗ്ധചികിത്സയ്ക്കായി പാലായിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.

 

ദമ്പതികളുടെ പരാതിയിലാണ് വർക്ക് ഷോപ്പ് ഉടമകളെയും തൊഴിലാളികളെയും പോലീസ് അറസ്റ്റ് ചെയ്തത്. ഇതിനിടെ വർക്ക് ഷോപ്പ് നടത്തുന്നവർക്കെതിരെ ഇത്തരത്തിലുള്ള നിരവധി ആരോപണങ്ങളാണ് ഉയർന്നു വരുന്നത്. സ്ത്രീകളോടും പെൺകുട്ടികളോടും ഇവർ മോശമായി പെരുമാറാറുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. സംഭവത്തിൽ പ്രതിഷേധിച്ച് ഇന്നലെ ഞൊണ്ടിമാക്കൽ കവലയിൽ ജാതി-മത-രാഷ്ട്രീയ-ചിന്തകൾക്കതീതമായി പ്രതിഷേധ യോഗം സംഘടിപ്പിച്ചു. 




പാലാ നഗരസഭാ ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ബൈജു കൊല്ലംപറമ്പിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ പൊതുമരാമത്ത് സ്ടന്റിങ് കമ്മറ്റി ചെയർമാൻ നീനാ ജോർജ് ഉത്‌ഘാടനം നിർവ്വഹിച്ചു. അഡ്വ.എ എസ് തോമ, ആർ അജി, മാർട്ടിൻ, ശുഭ സുന്ദർരാജ്, ഓ എം ജോസഫ്, സിബി ജോസഫ്, ജിബിൻ മൂഴിപ്ലാക്കൽ, സന്തോഷ് പുളിക്കൽ, മായാ രാഹുൽ, ലിസിക്കുട്ടി മാത്യു, ആനി ബിജോയി, സലിം, പ്രമോദ് തുടങ്ങിയവർ പ്രസംഗിച്ചു.