പൊതുപണിമുടക്ക്: കോട്ടയം കളക്ട്രേറ്റിൽ ജോലിക്കെത്തിയ ജീവനക്കാരെ സംയുക്ത ട്രേഡ് യൂണിയൻ പ്രവർത്തകർ തടഞ്ഞു.


കോട്ടയം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു രാജ്യവ്യാപകമായി സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ നടത്തുന്ന ദ്വിദിന പണിമുടക്ക് രണ്ടാം ദിവസവും തുടരുകയാണ്. പണിമുടക്കിൽ പങ്കെടുക്കാതെ എല്ലാ സർക്കാർ ജീവനക്കാരും ജോലിക്ക് ഹാജരാകണമെന്ന് ഹൈക്കോടതി നിർദ്ദേശ പ്രകാരം ചീഫ് സെക്രട്ടറി ഇന്നലെ ഉത്തരവിറക്കിയതിനെ തുടർന്ന് ഇന്ന് കോട്ടയം കളക്ട്രേറ്റിലെത്തിയ ജീവനക്കാരെ സമരാനുകൂലികൾ തടഞ്ഞു.

സർക്കാർ ഡയസ്‌നോൺ പ്രഖ്യാപിച്ചിട്ടും സർക്കാർ ഉത്തരവ് പിന്തള്ളി കോട്ടയം കളക്ട്രേറ്റിൽ ഉൾപ്പടെ ജില്ലയിലെ വിവിധ സർക്കാർ ഓഫീസുകളിൽ ഹാജർ നില വളരെ കുറവാണ്. ജില്ലാ കളക്ട്രേറ്റിലും സിവിൽ സ്റ്റേഷനുകളിലും എല്ലാ ഓഫീസുകളും തുറന്നു പ്രവർത്തിക്കുന്നുണ്ടെങ്കിലും ഹാജർ നില കുറവാണ്. മുൻകൂട്ടി നോട്ടീസ് നൽകിയുള്ള പണിമുടക്കായതിനാൽ ഡയസ്‌നോൺ ബാധകമല്ലെന്നും ഇന്നും പണിമുടക്കിൽ പങ്കെടുക്കുമെന്നും ജീവനക്കാരുടെ സംഘടനകൾ ഇന്നലെ അറിയിച്ചിരുന്നു.

പണിമുടക്കിന്റെ ഒന്നാം ദിവസം ജില്ലയിലെ വിവിധ സർക്കാർ ഓഫീസുകൾ അടഞ്ഞു കിടക്കുകയായിരുന്നു. എന്നാൽ പണിമുടക്കിന്റെ ഒന്നാം ദിവസത്തെ അപേക്ഷിച്ച് ഇന്ന് കൂടുതൽ ആളുകൾ ജോലിക്ക് എത്തിയിട്ടുണ്ട്. ജില്ലയിലെ വിവിധ ഓഫീസുകളിൽ സമരാനുകൂലികൾ ജോലിക്കെത്തിയവരെ തടഞ്ഞെങ്കിലും പിന്നീട് ഓഫീസുകളിൽ പ്രവേശിക്കാൻ അനുവദിക്കുകയായിരുന്നു. 



ജില്ലയിലെ പ്രധാന കേന്ദ്രങ്ങളിലെല്ലാം ഇന്നും സംയുക്ത ട്രേഡ് യൂണിയൻ പ്രവർത്തകർ വാഹനങ്ങൾ തടയുകയും പ്രകടനങ്ങൾ നടത്തുകയും ചെയ്യുന്നുണ്ട്. ജില്ലയിൽ ഇതുവരെ അനിഷ്ട സംഭവങ്ങളോ അക്രമ സംഭവങ്ങളോ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ചിലയിടങ്ങൾ വ്യാപാര സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കുന്നുണ്ട്. കെ.എസ്.ആർ.ടി.സി മെഡിക്കൽ കോളേജ് അവശ്യ സർവ്വീസുകൾ നടത്തുന്നുണ്ട്.