കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിയിൽ സ്വത്ത് തർക്കത്തിനിടെ ജേഷ്ഠ സഹോദരന്റെ വെടിയേറ്റ് അനുജൻ മരിച്ചു.കാഞ്ഞിരപ്പള്ളി മണ്ണാറക്കയം കരിമ്പനാൽ കെ വി കുര്യനെയും റോസ് കുര്യനെയും ഇളയ മകൻ രഞ്ജു കുര്യൻ(50)ആണ് മരിച്ചത്. ജേഷ്ഠ സഹോദരൻ ജോർജ് കുര്യനാണ് വെടിയുതിർത്തത്. ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. രഞ്ജു കുര്യന്റെ തലയ്ക്കാണ് വെടിയേറ്റത്.
കുടുംബ സ്ഥലം വിറ്റതുമായുള്ള പണ തർക്കമാണ് വഴക്കിലും പിന്നീട് ആക്രമണത്തിലും കലാശിച്ചത്. വെടി വെപ്പിനിടെ പരിക്കേറ്റ മാതൃസഹോദരൻ കൂട്ടിക്കൽ പൊട്ടംകുളം കെ ടി മാത്യു സ്കറിയയെ ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്വത്ത് തർക്കവുമായി ബന്ധപ്പെട്ടു കഴിഞ്ഞ ദിവസങ്ങളിലായി സഹോദരങ്ങൾ തമ്മിൽ സംസാരങ്ങൾ നടന്നിരുന്നു. ഇരുവരും തമ്മിലുള്ള തർക്കം പറഞ്ഞു പരിഹരിക്കുന്നതിനായി എത്തിയതായിരുന്നു മാതൃ സഹോദരൻ.
വീടിനോടു ചേർന്നുള്ള മുറിയിലിരുന്നാണ് മൂവരും കാര്യങ്ങൾ സംസാരിച്ചിരുന്നത്. ഇതിനിടെ ജോർജ് കുര്യൻ തന്റെ കയ്യിൽ കരുതിയിരുന്ന റിവോൾവർ ഉപയോഗിച്ച് വെടിയുതിർക്കുകയായിരുന്നു. രഞ്ജു കുര്യന്റെ തലയ്ക്കാണ് വെടിയേറ്റത്. തലയ്ക്ക് വെടിയേറ്റ രഞ്ജു വീടിനു സമീപമുള്ള ഹാളിൽ വെച്ചുതന്നെ തൽക്ഷണം മരിക്കുകയായിരുന്നു. കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച മാതൃ സഹോദരന്റെ നില ഗുരുതരമാണ്. ഇദ്ദേഹത്തിന്റെ തലയിലും നെഞ്ചിലുമായി വെടിയേറ്റതായാണ് വിവരം. വെടിയുതിർത്ത ശേഷം മുറിയിൽ മൽപ്പിടുത്തം നടന്നതായും പോലീസ് സംശയിക്കുന്നുണ്ട്.
ജോർജ് കുര്യന്റെ ശരീരത്തിലും വസ്ത്രത്തിൽ രക്തം പുരണ്ടത് ഇങ്ങനെയാകാമെന്നാണ് പോലീസ് നിഗമനം. വിവരമറിഞ്ഞു പോലീസ് എത്തിയപ്പോൾ ജോർജ് കുര്യൻ വീടിനുള്ളിൽ തന്നെ ഉണ്ടായിരുന്നു. തുടർന്ന് പോലീസ് വിവരമറിയിച്ചതനുസരിച്ച് ആംബുലൻസ് എത്തി രഞ്ജുവിന്റെ മൃതദേഹം കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലേക്ക് മാറ്റുകയും ഗുരുതരമായി പരിക്കേറ്റ മാതൃ സഹോദരനെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ട് പോകുകയുമായിരുന്നു.
എറണാകുളത്ത് റിയൽ എസ്റ്റേറ്റ് ബിസിനസ് ചെയ്യുന്ന ഇയാൾ 3 ദിവസം മുൻപ് എറണാകുളത്തു നിന്നും കാഞ്ഞിരപ്പള്ളിയിൽ എത്തി ഹോട്ടലിൽ മുറിയെടുത്തു താമസിക്കുകയായിരുന്നു എന്നാണു വിവരം.ഊട്ടിയിൽ നിന്നും കഴിഞ്ഞ ദിവസമാണ് രഞ്ജു വീട്ടിൽ എത്തിയത്. തോക്കും വെടിയുതിർത്ത ജോർജ് കുര്യനെയും കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു. ജില്ലാ പോലീസ് മേധാവി ഡി.ശില്പ, കാഞ്ഞിരപ്പള്ളി ഡി വൈ എസ് പി ബാബുക്കുട്ടൻ എന്നിവരുടെ നേതൃത്വത്തിൽ പോലീസ് സംഘം സ്ഥലത്ത് എത്തി പരിശോധന നടത്തി. കോതമംഗലം സ്വദേശിനി മലയിൽ റോഷനാണ് ഭാര്യ.