കാഞ്ഞിരപ്പള്ളിയിൽ കുടുംബ സ്വത്തിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് യുവാവ് സഹോദരനെ വെടി വെച്ച് കൊന്നു.


കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിയിൽ കുടുംബ സ്വത്തിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് യുവാവ് സഹോദരനെ വെടി വെച്ച് കൊന്നു. കാഞ്ഞിരപ്പള്ളി മണ്ണാറക്കയം കരിമ്പനാൽ രഞ്ജു കുര്യൻ(49) ആണ് സഹോദരൻ ജോർജ് കുര്യന്റെ വെടിയേറ്റ് മരിച്ചത്. ഇന്ന് വൈകിട്ട് അഞ്ചരയോടെയാണ് സംഭവം.

 

രഞ്ജു കുര്യന്റെ തലയ്ക്കാണ് വെടിയേറ്റത്. കുടുംബ സ്ഥലം വിറ്റതുമായുള്ള പണ തർക്കമാണ് വഴക്കിലും പിന്നീട് ആക്രമണത്തിലും കലാശിച്ചത്. വെടി വെപ്പിനിടെ പരിക്കേറ്റ മാതൃസഹോദരൻ കൂട്ടിക്കൽ പൊട്ടംകുളം കെ ടി മാത്യു സ്കറിയയെ ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാഞ്ഞിരപ്പള്ളി പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.

 

തോക്കും വെടിയുതിർത്ത ജോർജ് കുര്യനെയും പോലീസ് അറസ്റ്റ് ചെയ്തു. ജില്ലാ പോലീസ് മേധാവി ഡി.ശില്പ, കാഞ്ഞിരപ്പള്ളി ഡി വൈ എസ് പി ബാബുക്കുട്ടൻ എന്നിവരുടെ നേതൃത്വത്തിൽ പോലീസ് സംഘം സ്ഥലത്ത് എത്തി പരിശോധന നടത്തി. തലയ്ക്ക് വെടിയേറ്റ രഞ്ജു വീടിനു സമീപമുള്ള ഹാളിൽ പിടഞ്ഞു വീണു തൽക്ഷണം മരിക്കുകയായിരുന്നു. തടയാൻ ശ്രമിക്കുന്നതിനിടെയാണ് മാതൃ സഹോദരണ് വെടിയേറ്റത്.

കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച മാതൃ സഹോദരന്റെ നില ഗുരുതരമാണ്. സ്വത്ത് തർക്കവുമായി ബന്ധപ്പെട്ടു കഴിഞ്ഞ ദിവസങ്ങളിലായി സംസാരങ്ങൾ നടന്നിരുന്നു. ഇന്ന് ഉച്ചക്ക് ശേഷമാണ് ജോർജ് കുര്യൻ എറണാകുളത്തു നിന്നും കാഞ്ഞിരപ്പള്ളിയിലെ വീട്ടിൽ എത്തിയത്.

തുടർന്ന് വീടിനു സമീപമുള്ള റൂമിൽ സംസാരം നടക്കുന്നതിനിടെയാണ് വെടിയുതിർത്തത്. എറണാകുളത്തു നിന്നും ഇന്ന് എത്തിയ ജോർജ് കുര്യൻ കൈയിൽ റിവോൾവർ കരുതിയിരുന്നത് ചെടിയുതിർത്തത് അപ്രതീക്ഷിതമല്ല ആസൂത്രിമായി തന്നെയാണെന്ന നിഗമനത്തിലാണ് പോലീസ്. കൊച്ചിയിൽ ഫ്ലാറ്റ് നിർമ്മാതാവാണ് ജോർജ് കുര്യൻ.