കുമരകത്ത് കായൽ വിനോദ യാത്രയ്ക്കിടെ മോട്ടോർ ബോട്ടിൽ നിന്നും വെള്ളത്തിൽ വീണു യുവാവിനെ കാണാതായി, 2 മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിൽ മൃതദേഹം കണ്ടെത്തി, മരി


കുമരകം: കുമരകത്ത് കായൽ വിനോദ യാത്രയ്ക്കിടെ മോട്ടോർ ബോട്ടിൽ നിന്നും കായലിൽ വീണു കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി.

കറുകച്ചാൽ നെടുംകുന്നം സ്വദേശി ഇടക്കല്ലിൽ അജിത് കുമാർ (31) ആണ് മരിച്ചത്. അജിത് കുമാറും സുഹൃത്തുക്കളും കുമരകത്ത് കായൽ വിനോദ യാത്രയ്ക്കായി എത്തിയതായിരുന്നു. യാത്രയ്ക്ക് ശേഷം തിരിച്ചു മടങ്ങവേ മോട്ടോർ ബോട്ടിനു പിന്നിൽ നിൽക്കുകയായിരുന്ന അജിത് കുമാർ വിരിപ്പുകാല ക്ഷേത്രത്തിനു സമീപം കവണാറിൽ വെച്ച് വെള്ളത്തിലേക്ക് വീഴുകയായിരുന്നു.

തുടർന്ന് സുഹൃത്തുക്കളും ബോട്ട് ജീവനക്കാരും തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടാകാഞ്ഞതിനെ തുടർന്ന് സമീപവാസികളെ വിവരമറിയിക്കുകയായിരുന്നു. നാട്ടുകാർ വിവരമറിയിച്ചതനുസരിച്ച് കുമരകത്ത് നിന്നും പോലീസും കോട്ടയത്തു നിന്നും അഗ്നി രക്ഷാ സേനയുമെത്തിയാണ് രണ്ടു മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്.

എന്നാൽ യുവാവ് മോട്ടോർ ബോട്ടിൽ നിന്നും ചാടിയതാണെന്നും ദൃക്‌സാക്ഷികൾ പറയുന്നു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.