തലയോലപ്പറമ്പ്: കോളേജിലെ പഠനയാത്രയ്ക്കിടെ പുഴയിൽ വീണു കോട്ടയം തലയോലപ്പറമ്പ് സ്വദേശിയായ വിദ്യാർത്ഥി മുങ്ങി മരിച്ചു. കീഴൂർ ഡി ബി കോളേജ് രണ്ടാം വർഷ പി ജി ജേർണലിസം വിദ്യാർത്ഥിയും തലയോലപ്പറമ്പ് കീഴൂർ മടക്കത്തടത്തിൽ ഷാജി-പ്രഭ ദമ്പതികളുടെ മകനുമായ ജിഷ്ണു(22)ആണ് മരിച്ചത്.
ഇന്നലെ ഉച്ചക്ക് ഇടുക്കി ആനക്കുളത്ത് വലിയാർകുട്ടി പുഴയിലാണ് അപകടം ഉണ്ടായത്. ജിഷ്ണു പഠിച്ചിരുന്ന കീഴൂർ ഡി ബി കോളേജിൽ നിന്നും 17 പേരടങ്ങുന്ന സംഘം ചൊവ്വാഴ്ചയാണ് 3 ദിവസത്തെ പഠന യാത്രയ്ക്കായി പോയത്. ബുധനാഴ്ച ഉച്ചക്ക് ഭക്ഷണ ശേഷം പുഴയുടെ സമീപത്തു നിൽക്കുകയായിരുന്ന ജിഷ്ണു കാൽ വഴുതി പുഴയിൽ വീഴുകയായിരുന്നു എന്നാണു സഹപാഠികൾ പറഞ്ഞത്.
അപകടം കണ്ട സഹപാഠികൾ നാട്ടുകാരെ വിവരമറിയിക്കുകയും വിദ്യാർത്ഥികളും നാട്ടുകാരും ചേർന്ന് ജിഷ്ണുവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം അടിമാലി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. അജ്ഞനയാണ് ജിഷ്ണുവിന്റെ സഹോദരി.