ആലപ്പുഴ ജില്ലാ കളക്ടര്‍ എ.അലക്സാണ്ടർ വിരമിച്ചു, പടിയിറങ്ങുന്നത് മികച്ച ജില്ലാ കളക്ടര്‍ക്കുള്ള പുരസ്‌കാരം കരസ്ഥമാക്കി, ജില്ലയുടെ പുതിയ കളക്ടറായി കോട്ടയ


ആലപ്പുഴ: ആലപ്പുഴ ജില്ലാ കളക്ടര്‍ എ.അലക്സാണ്ടർ സര്‍വീസില്‍ നിന്ന് വിരമിച്ചു. അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് ജെ. മോബിക്ക് അദ്ദേഹം താത്കാലികമായി ചുമതല കൈമാറി. എസ്.ഡി.വി. സെന്റിനറി ഓഡിറ്റോറിയത്തില്‍ എ.എം. ആരിഫ് എം.പിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച മെറിറ്റ് അവാര്‍ഡ് ചടങ്ങിലും മുനിസിപ്പല്‍ കൗണ്‍സിലും കളക്ടറേറ്റ് സ്റ്റാഫ് കൗണ്‍സിലും സംഘടിപ്പിച്ച യാത്രയയപ്പ് പരിപാടികളിലുമാണ് അവസാന ദിവസം അദ്ദേഹം പങ്കെടുത്തത്.

 

റവന്യൂ ദിനാചരണത്തോടനുബന്ധിച്ച് തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ  നടന്ന ചടങ്ങില്‍  സംസ്ഥാനത്തെ മികച്ച ജില്ലാ  കളക്ടര്‍ക്കുള്ള പുരസ്‌കാരം മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്നും ഇദ്ദേഹം കരസ്ഥമാക്കിയിരുന്നു. ആലപ്പുഴയുടെ അതിജീവനപ്പോരാട്ടത്തിന്‍റെ മുന്നണിയിൽ ആലപ്പുഴയിലെ ജനങ്ങളുടേയും സഹപ്രവർത്തകരുടെയും ഒത്തൊരുമയുടെയും കഠിന അധ്വാനത്തിൻ്റെ ഫലമായാണ് സംസ്ഥാനത്തെ മികച്ച കളക്ടര്‍ക്കുള്ള പുരസ്കാരത്തിന് തിരഞ്ഞെടുക്കപ്പെട്ടത് എന്ന് എ.അലക്സാണ്ടർ പറഞ്ഞു.

 

ജില്ലയുടെ പുതിയ കളക്ടറായി കോട്ടയം സ്വദേശിനി ഡോ.രേണു രാജ് നാളെ ചുമതലയേല്‍ക്കും. ഇതോടെ സംസ്ഥാനത്തെ 14 ജില്ലകളിൽ പത്തിലും ഇതോടെ വനിതാ കളക്ടർമാരായി. അമൃത് മിഷൻ ഡയറക്ടറായ ഡോ. രേണു രാജ് ആലപ്പുഴയുടെ 53 മത് ജില്ലാ കലക്ടറായാണ് സ്ഥാനമേൽക്കുന്നത്. 

ചങ്ങനാശ്ശേരി മലകുന്നം സ്വദേശി ശ്രീശൈലത്തിൽ എം കെ രാജകുമാരൻ നായരുടെയും വി എൻ ലതയുടെയും മകളായ രേണുരാജ് 2014-ലെ സിവിൽ സർവ്വീസ് പരീക്ഷയിൽ ദേശീയതലത്തിൽ രണ്ടാം റാങ്കുകാരിയായിരുന്നു. കോട്ടയം മെഡിക്കൽ കോളേജിലാണ് എംബിബിഎസ് പഠനം പൂർത്തിയാക്കിയത്. ദേവികുളം,തൃശൂർ എന്നിവിടങ്ങളിൽ സബ് കലക്ടറായി സേവനമനുഷ്ടിച്ചിട്ടുണ്ട്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലും പ്രളയകാലത്തും കോട്ടയം ജില്ലയിൽ ജില്ലാ കളക്ടറെ സഹായിക്കുന്നതിനായി സർക്കാർ രേണുരാജിനെ നിയമിച്ചിരുന്നു.