കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിൽ വിജയകരമായി പൂർത്തീകരിച്ച സർക്കാർ മേഖലയിലെ ആദ്യ കരൾ മാറ്റിവെയ്ക്കൽ ശസ്ത്രക്രിയയിൽ ലോക പ്രണയദിനത്തിൽ പ്രിയതമനു കരൾ പകുത്തു നൽകിയ പ്രവിജക്ക് പിന്നാലെ സുബീഷും ആശുപത്രിവിട്ടു. 17 മണിക്കൂർ നീണ്ടു നിന്ന ശസ്ത്രക്രിയയിലൂടെ തൃശൂർ വേലൂർ വട്ടേക്കാട്ട് വീട്ടിൽ സുബീഷ് (42) നു ഭാര്യ പ്രവിജ (39) യാണ് കരൾ നൽകിയത്.
ഇന്ന് ആശുപത്രിയിൽ നിന്നും വീട്ടിലേക്ക് തിരിച്ച സുബീഷിനെയും കരള്‍ പകുത്ത് നല്‍കിയ ഭാര്യ പ്രവിജയേയും ആരോഗ്യ മന്ത്രി വീണാ ജോർജ് കോട്ടയം മെഡിക്കല്‍ കോളേജിലെത്തി നേരിട്ട് കണ്ട് സന്തോഷം പങ്കുവച്ചു. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പൽ ഡോ. കെപി ജയകുമാറുമായും സൂപ്രണ്ട് ഡോ. ടികെ ജയകുമാറുമായും സർജിക്കൽ ഗ്യാസ്‌ട്രോ എൻട്രോളജി വിഭാഗം മേധാവി ഡോ. സിന്ധുവുമായും മറ്റ് ടീം അംഗങ്ങളുമായും ഇരുവരുടെയും ആരോഗ്യ സ്ഥിതിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ആരോഗ്യ മന്ത്രി സംസാരിച്ചു. ആദ്യമായി സര്‍ക്കാര്‍ മേഖലയില്‍ കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയിച്ചിരിക്കുകയാണ്. ഇത് ആരോഗ്യ മേഖലയുടെ വലിയൊരു നേട്ടം കൂടിയാണ് എന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു.
സംസ്ഥാനത്ത് അവയവം മാറ്റിവയ്ക്കാനായി കാത്തിരിക്കുന്നവര്‍ ധാരാളമുണ്ട്. അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാകുന്ന വ്യക്തിയെ സംബന്ധിച്ച് വലിയ സാമ്പത്തിക പ്രതിസന്ധിയാണ് ഉണ്ടാക്കുന്നത്. ഇതിനൊരു പരിഹാരം കാണാനാണ് സര്‍ക്കാര്‍ മേഖലയില്‍ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ യാഥാര്‍ത്ഥ്യമാക്കിയത് എന്ന് ആരോഗ്യ മന്ത്രി പറഞ്ഞു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ഉടന്‍ ആരംഭിക്കുന്നതാണ്.
കോഴിക്കോടും കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ആരംഭിക്കാനുള്ള ഒരുക്കങ്ങള്‍ നടന്നു വരുന്നതായും കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് പിന്നിൽ പ്രവർത്തിച്ചവർക്കും പിന്തുണച്ചവർക്കും നന്ദി അറിയിക്കുന്നതായും ആരോഗ്യ മന്ത്രി പറഞ്ഞു. ഇരുവരുടെയും ആരോഗ്യനില പൂർണ്ണ തൃപ്തികരമാണെന്ന് മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ.ടി.കെ ജയകുമാർ പറഞ്ഞു.
ഇരുവർക്കും നീണ്ടനാളത്തെ വിശ്രമവും ചികിത്സയും ആവശ്യമായതിനാൽ മെഡിക്കൽ കോളേജ് ആശുപത്രിക്ക് സമീപം തന്നെ ഒരു വീട് വാടകയ്ക്ക് എടുത്തിട്ടുണ്ട്. കഴിഞ്ഞ 14 നായിരുന്നു ശസ്ത്രക്രിയ നടന്നത്.ഗ്യാസ്‌ട്രോസർജറി വിഭാഗം മേധാവി ഡോ. സിന്ധുവിന്റെ നേതൃത്വത്തിൽ 29 ഡോക്ടർമാരും 9 ടെക്‌നീഷ്യന്മാരും ഉൾപ്പെടുന്ന സംഘമാണ് ശസ്ത്രക്രിയ വിജയകരമായിപൂർത്തീകരിച്ചത്.