എരുമേലി: എരുമേലി പമ്പാവാലിയിൽ പമ്പയാറ്റിൽ ബന്ധുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയ പ്ലസ് വൺ വിദ്യാർത്ഥിനി മുങ്ങി മരിച്ചു. എരുമേലി പമ്പാവാലി നാറാണംതോട് അമ്പലപ്പറമ്പിൽ വിനോദ്-പ്രീതി ദമ്പതികളുടെ മകൾ നന്ദന (17) യാണ് മുങ്ങി മരിച്ചത്.
ഇന്ന് വൈകുന്നേരം 4 മണിയോടെ തുലാപ്പള്ളി ആലപ്പാട്ട് ജംഗ്ഷനിലുള്ള പമ്പയാറ്റിലെ പാപ്പിക്കയത്തിൽ വെച്ചാണ് അപകടം ഉണ്ടായത്. നന്ദനയും ബന്ധുക്കളായ 4 പേരും കുളിക്കുന്നതിനും തുണികൾ അലക്കുന്നതിനുമായി ആറ്റിൽ ഇറങ്ങിയതായിരുന്നു. നന്ദനയുടെ സഹോദരൻ നിധിൻ, തടത്തേൽ യശോധരന്റെ മക്കളായ മായ,അശ്വതി, മരുമകനും പോലീസ് ഉദ്യോഗസ്ഥനുമായ പ്രവീൺ എന്നിവരാണ് നന്ദനയ്ക്കൊപ്പം ഉണ്ടായിരുന്നത്.
പമ്പയാറിന്റെ തീരത്ത് ഇവർ നിന്നിരുന്ന മൺതിട്ട ഇടിഞ്ഞു വീണാണ് അപകടം ഉണ്ടായതെന്നാണ് നാട്ടുകാർ നൽകുന്ന വിവരം. മൺതിട്ട ഇടിഞ്ഞു വീണതിനെ തുടർന്ന് ഇവർ 5 പേരും ആറ്റിലേക്ക് വീഴുകയായിരുന്നു. ഇവരുടെ നിലവിളികേട്ട് ഓടിയെത്തിയ നാട്ടുകാരും ബന്ധുവും ചേർന്നാണ് 4 പേരെയും രക്ഷപ്പെടുത്തിയത്.
എന്നാൽ നന്ദനയെ കാണാതാവുകയായിരുന്നു. നാട്ടുകാർ നീണ്ട സമയത്തെ തെരച്ചിലിനൊടുവിലാണ് നന്ദനയെ മരിച്ച നിലയിൽ കണ്ടെത്തിയത്. എരുമേലി വെൺകുറിഞ്ഞി ഹയർ സെക്കണ്ടറി സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനീയായിരുന്നു നന്ദന. കഴിഞ്ഞ തവണ എസ്. എസ്. എല്. സി. പരീക്ഷയില് മുഴുവന് വിഷയങ്ങള്ക്കും എ പ്ലസ് വാങ്ങിയാണ് നന്ദന വിജയിച്ചത്. മാതാവ് പ്രീതി വിദേശത്താണ്. സംസ്‌ക്കാരം പിന്നീട്. മൃതദേഹം കാഞ്ഞിരപ്പളളി ജനറല് ആശുപത്രി മോര്ച്ചറിയില് സൂക്ഷിച്ചിരിക്കുകയാണ്.