പോലീസിന്റെ ക്യാമറക്ക് മുന്‍പില്‍ മാലിന്യ നിക്ഷേപം: കണ്ടിട്ടും നടപടിയില്ല, ടൗണിൽ വിവിധയിടങ്ങളിൽ മാലിന്യ നിക്ഷേപം പതിവാകുന്നു.


എരുമേലി: എരുമേലിയിൽ പോലീസ് സ്ഥാപിച്ചിരിക്കുന്ന ക്യാമറയ്ക്ക് മുന്‍പില്‍ മാലിന്യ നിക്ഷേപം പതിവായിട്ടും നടപടിയെടുക്കുന്നില്ലായെന്ന് ആക്ഷേപം. എരുമേലി വലിയമ്പലത്തിനു പിന്‍ഭാഗത്തായി പൊര്യന്‍മലയിലേയ്ക്ക് തിരിയുന്ന റോഡരികില്‍ സിപിഎം പാര്‍ട്ടി ഓഫീസിനു മുന്‍പിലാണ് മാലിന്യ നിക്ഷേപം വര്‍ധിക്കുന്നത്. ഇവിടെ മാലിന്യം നിക്ഷേപിക്കരുതെന്ന് സ്ഥാപിച്ചിരിക്കുന്ന ഫ്‌ളക്‌സിന് മുന്‍പിലാണ് വീണ്ടും മാലിന്യം നിക്ഷേപിക്കുന്നത്. മാസങ്ങളായി ഇവിടെ മാലിന്യ കൂമ്പാരമായി കിടന്നത് കഴിഞ്ഞ തവണ ശുചീകരണ തൊഴിലാളികളാണ് വൃത്തിയാക്കിയത്. സനിട്ടറി നാപ്കിനും സ്‌നഗിയും ഭക്ഷണ അവശിഷ്ടങ്ങളും ഉള്‍പ്പെടെയുള്ള മാലിന്യങ്ങൾ മണിക്കൂറുകള്‍ പണിപ്പെട്ട് വാരിയെടുത്താണ് വൃത്തിയാക്കിയത്. മാലിന്യം നീക്കം ചെയ്ത് രണ്ട് ദിവസത്തിനുള്ളില്‍ വീണ്ടും ഭക്ഷണാവശിഷ്ടങ്ങള്‍ ഉള്‍പ്പെടെ ഇവിടെ തന്നെ വലിച്ചെറിയുന്നു. ഇതില്‍ നിന്നും ഒരു കാര്യം വ്യക്തമാണ് പതിവായി മാലിന്യം നിക്ഷേപിക്കുന്നവരാണ് ഇവിടെ വീണ്ടും മാലിന്യം തള്ളാനെത്തുന്നത്. ഇവയെല്ലാം കണ്ട് ദേവസ്വം ബോര്‍ഡ് വക സ്ഥാപിച്ച ഒരു ക്യാമറയും സമീപത്തായുണ്ട്. എന്നാല്‍ ക്യാമറയില്‍ നിന്നുള്ള ദൃശ്യം പഞ്ചായത്തിന് ലഭിക്കണമെങ്കില്‍ പോലീസുകാര്‍ കനിയണം. ക്യാമറ ദൃശ്യം ലഭിക്കുന്നതിനായി പോലീസിന്റെ കനിവ് കാത്തിരിക്കുകയാണ് പഞ്ചായത്ത് അധികൃതര്‍. മുൻപ് ഇത്തരത്തിൽ ടൗണിന്റെ വിവിധ ബിഗങ്ങളിൽ മാലിന്യം നിക്ഷേപിച്ചവരെ പിടികൂടി മാലിന്യം തിരികെ എടുപ്പിച്ചിരുന്നു. ദേവസ്വം ബോര്‍ഡും പോലീസും കോടികള്‍ മുടക്കിയാണ് നിരീക്ഷണ ക്യാമറ സ്ഥാപിച്ചത്. എന്നാല്‍ ഇവയില്‍ ഭൂരിഭാഗവും പ്രവര്‍ത്തിക്കുന്നില്ല. പോലീസിന്റെ ക്യാമറ കൂടുതലായും പ്രവര്‍ത്തിച്ചത് ഹെല്‍മറ്റില്ലാത്താവര്‍ക്ക് പിഴ ഈടാക്കാന്‍ വേണ്ടിയായിരുന്നു. എന്നാല്‍ വാഹനാപകടം പോലെയുള്ള സുപ്രധാന കാര്യങ്ങള്‍ നടക്കുമ്പോള്‍ പലപ്പോഴും ക്യാമറ ദൃശ്യങ്ങള്‍ കണ്ണടയ്ക്കാറാണ് പതിവ്. പഞ്ചായത്ത് അധികൃതര്‍ മാലിന്യ നിക്ഷേപത്തിനെതിരെ കര്‍ശന നടപടിയാണ് സ്വീകരിച്ചിരിക്കുന്നത്. എന്നാല്‍ പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിക്കുന്ന ഒരാളെയെങ്കിലും കണ്ട് പിടിച്ച് മാതൃകാപരമായി ശിക്ഷിക്കണമെന്നാണ് നാട്ടുകാരുടെ അഭിപ്രായം.